ഇസ്ലാമാബാദ്: യു.എസും ഇറാനും തമ്മിലുള്ള ഇസ്ലാമാബാദ് ചര്‍ച്ചകളുടെ ഫലത്തിലേക്ക് ലോകം ഉറ്റുനോക്കുമ്പോള്‍ വസ്ത്രധാരണരീതികൊണ്ട് ശ്രദ്ധേയനായി പാകിസ്താന് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗലിബഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എന്നിവരടങ്ങുന്ന പ്രതിനിധികളെ സ്വീകരിക്കാന്‍ അദ്ദേഹം സൈനിക യൂണിഫോം ധരിച്ചാണ് പോയത്. മണിക്കൂറുകള്‍ക്കുശേഷം, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നയിക്കുന്ന യു.എസ്. പ്രതിനിധികളെ സ്വീകരിക്കാന്‍ പോയപ്പോള്‍, മുനീറിനെ സ്യൂട്ടില്‍ കണ്ടു.
നയതന്ത്രത്തില്‍, ഇത്തരം തീരുമാനങ്ങള്‍ യാദൃശ്ചികമായി എടുക്കുന്നവയല്ല. അതിനാല്‍, സ്യൂട്ട് - യൂണിഫോം വ്യത്യാസം ചര്‍ച്ചയായി. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി വിദേശ പ്രതിനിധികളെ സ്വീകരിക്കാന്‍ പാകിസ്താന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പകരം മുനീറായിരുന്നു പോയതെന്നതും ശ്രദ്ധേയമാണ്. ഇത് വ്യക്തമാക്കുന്നത്, മധ്യേഷ്യയില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വത്തേക്കാള്‍ പാകിസ്താന് സൈന്യമാണു മുന്‍കൈയെടുത്തതെന്നാണ്.
ഇറാന് പ്രതിനിധികളെ മുനീര്‍ സ്വീകരിച്ചത് റാവല്‍പിണ്ഡിയിലെ നൂറ് ഖാന് വ്യോമത്താവളത്തിലായിരുന്നു. അദ്ദേഹം ഫീല്‍ഡ് മാര്‍ഷലിന്റെ യൂണിഫോം, മെഡലുകളും സ്റ്റാറുകളും സഹിതം അണിഞ്ഞിരുന്നു. പാകിസ്താന് സൈനിക മേധാവി തന്റെ സൈനിക അധികാരം പ്രകടിപ്പിക്കാന്‍ ആഗ്രഹിച്ചുവെന്ന സന്ദേശം വ്യക്തമായിരുന്നു. ടെഹ്റാനും ഇസ്ലാമാബാദും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ അത് പ്രധാനമാണ്. അതിനാല്‍ ഇറാന് പ്രതിനിധികളെ സ്വീകരിക്കുമ്പോള്‍ മുനീര്‍ തന്റെ യുദ്ധ യൂണിഫോം ധരിച്ചത് ശക്തിയുടെ സന്ദേശമാണെന്നാണു നയതന്ത്ര വിദഗ്ധര്‍ പറയുന്നത്.
യു.എസുമായുള്ള ബന്ധം വ്യത്യസ്തമാണ്. മുനീറിന്റെ ഔപചാരിക സ്യൂട്ട് തെരഞ്ഞെടുപ്പ് സന്തുലിതാവസ്ഥയും രാഷ്ട്രതന്ത്രജ്ഞതയും പ്രകടിപ്പിക്കാനുള്ള നീക്കമായി കാണുന്നു. ലോകം ഉറ്റുനോക്കുന്ന ഒരു ചര്‍ച്ചക്ക് പാകിസ്താന് മധ്യസ്ഥം വഹിക്കുന്നതിനാല്‍ ഇത് പ്രാധാന്യമര്‍ഹിക്കുന്നു. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുമ്പ് മുനീറിനെ തന്റെ 'പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍' എന്ന് പ്രശംസിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെയും പാകിസ്താനെ പ്രതിനിധീകരിക്കുന്നതിന്റെയും വസ്ത്രധാരണരീതിയും ശ്രദ്ധേയമാണ്.



