
സംസ്‌ഥാനത്ത് ചൂട് 40 ഡിഗ്രിയില്‍ മുകളിലേക്ക് ഉയര്‍ന്നതോടെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ പുനഃക്രമീകരിക്കുന്നു.
ശ്രീകോവിലുകളിലും പുറത്തും മതില്‍ക്കകത്തുമായാണ് ക്ഷേത്രങ്ങളില്‍ ആചാരപരമായ ചടങ്ങുകള്‍ നടക്കുന്നത്. മേല്‍ക്കൂര ഇല്ലാതെ ആല്‍ത്തറകളിലും നാഗത്തറകളിലും പൂജകള്‍ നടക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. ഇതിനു പുറമെ പല പ്രധാന ക്ഷേത്രങ്ങളിലും ദിവസം മൂന്നുനേരം തിരുമുറ്റത്ത് ആനപ്പുറത്ത് എഴുന്നെള്ളിപ്പ് നടക്കുന്നുണ്ട്. ഇവിടെയെല്ലാം കനത്ത ചൂടും വെയിലും ക്ഷേത്രങ്ങളിലെ ചടങ്ങുകളെ ബാധിക്കുന്നു. ശ്രീകോവിലിനുള്ളില്‍ പോലും കനത്ത ചൂടുമൂലം കൃത്യമായി ചടങ്ങുകള്‍ നടത്താന്‍ കഴിയുന്നില്ല. ആനകളെ നിരത്തി നടത്തുന്ന എഴുന്നള്ളത്തിന് ഇതിനോടകം തന്നെ പലയിടത്തും സമയ ക്രമീകരണം ഏര്‍പ്പെടുത്തി.
എന്നാല്‍ ആചാരപരമായ ചടങ്ങുകള്‍ പുനഃക്രമീകരിക്കുന്നതിന് നിരവധി ചിട്ടവട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനായി തന്ത്രിമാരില്‍ നിന്ന് നിര്‍ദേശം ഉണ്ടാകണം.
ഉത്സവങ്ങള്‍ മിക്കയിടത്തും മകരം മുതല്‍ മേടം വരെയുള്ള മാസങ്ങളിലാണ്. ഇതില്‍ കുംഭം, മീന മാസങ്ങള്‍ ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്ന സമയമാണ്.
എന്നാല്‍ ഇപ്പോള്‍ കുംഭവും മീനവും കടന്ന് മേടത്തിലേക്ക് പ്രവേശിക്കുമ്പോഴും ചൂട് കൂടുന്നതല്ലാതെ കുറയുന്നില്ല. ഉച്ച ശീവേലിയാണ് മാറ്റി വയ്‌ക്കേണ്ട അനുഷ്‌ഠാന ചടങ്ങുകളില്‍ പ്രധാനം. രാവിലെ 11 നും ഉച്ചയ്‌ക്ക് 12 മധ്യേയാണ് പ്രധാന ക്ഷേത്രങ്ങളില്‍ ഉച്ച ശീവേലി. ഈ സമയത്താണ് ഏറ്റവും ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത്. ഉച്ച ശീവേലി, മഹാക്ഷേത്രങ്ങളില്‍ നാലമ്പലത്തിന് ചുറ്റും കുറഞ്ഞത് മൂന്ന് പ്രദക്ഷിണമെങ്കിലും വയ്‌ക്കേണ്ടിവരും.
ചുട്ടു പൊള്ളുന്ന മുറ്റത്തുകൂടി മൂന്ന് പ്രദക്ഷിണം പൂര്‍ത്തിയാകുമ്പോള്‍ അര കിലോമീറ്റര്‍ ദൂരമെങ്കിലും നടക്കേണ്ടി വരും. പാദരക്ഷയും കൂടയും ഇല്ലാതെ ശാന്തിമാരും മേളക്കാരും കഴകക്കാരും നടക്കേണ്ടി വരുന്നു. ശീവേലി ചടങ്ങുകള്‍ കൃത്യമായി പാലിക്കേണ്ടതു കൊണ്ട് നടപ്പിന് വേഗത കൂട്ടാനോ ഹവിസ് തൂവുന്നതടക്കം മാറ്റം വരുത്താനോ കഴിയുന്നില്ല. എന്നാല്‍ കനത്ത ചൂടിലും ചടങ്ങുകള്‍ കൃത്യമായി പാലി ക്കുകയാണ് ക്ഷേത്ര ജീവനക്കാരും ശാന്തിമാരും.
ടി.കെ. സുധീഷ് കുമാര്‍






