തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ബി.ഡി.എസ്. വിദ്യാര്‍ഥി ആര്‍.എല്‍. നിതിന്‍ രാജി(22)ന് നാട് കണ്ണീരോടെ വിട നല്‍കി. മകന്‍ ഡോക്‌ടറായി വരുന്നത് കാണാന്‍ കാത്തിരുന്ന മാതാപിതാക്കള്‍ക്കും കുടുംബത്തിനും നോവായി നിതിന്‍ മടങ്ങി.
ആര്യനാട് ഉഴമലയ്‌ക്കല്‍ ചാലക്കാട് തടത്തരികത്ത് വീട്ടിലെത്തിച്ച മൃതദേഹം കണ്ട് മാതാപിതാക്കള്‍ തളര്‍ന്നു വീണു. സഹോദരിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.
പെയ്‌ന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ലതയുടെയും ഏക മകനായ നിതിന്‍ രാജിനെ വെള്ളിയാഴ്‌ച ഉച്ചയ്‌ക്കാണ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലേക്ക് വരാന്‍ ടിക്കറ്റെടുത്ത വിവരം രാവിലെ വിളിച്ചു പറഞ്ഞ നിതിന്‍ പെട്ടെന്ന് ഇത്തരമൊരു തീരുമാനമെടുക്കില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ഉറച്ചു വിശ്വസിക്കുന്നത്.
സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കണ്ണൂര്‍ സിറ്റി പോലിസ് കമ്മിഷണര്‍ പി. നിഥിന്‍ രാജിന്റെ നിര്‍ദേശപ്രകാരം എ.സി: പി.ആര്‍ ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക.
അധ്യാപകരില്‍ നിന്നുള്‍പ്പെടെ കടുത്ത ജാതി അധിക്ഷേപമടക്കം നിതിന്‍ നേരിട്ടിരുന്നെന്ന വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കുടുംബത്തിന്റെ ആരോപണം ശരിവയ്‌ക്കുന്ന ശബ്‌ദസന്ദേശമടക്കം പുറത്തുവന്നിട്ടുണ്ട്. ലോണ്‍ ആപ്പില്‍ നിന്ന് ലോണെടുത്തത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ നിതിന്‍രാജിനെ വിളിപ്പിച്ചതിനു പിന്നാലെയാണ് ആത്മഹത്യയെന്നും സൂചനയുണ്ട്. നിതിന്‍ രാജിനെതിരെ ഇന്നലെ സൈബര്‍ പോലീസില്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെടുത്തി പരാതിയെത്തിയതിനു പിന്നില്‍ ദുരൂഹതയുള്ളതായും ആരോപണമുണ്ട്.






