തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ കേരളാ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. വിവാഹസമയത്ത് ഹാജരാക്കിയ രേഖകളില്‍ വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും പെണ്‍കുട്ടി നല്‍കിയ ആധാര്‍ കാര്‍ഡ് ഒറിജിനല്‍ ആണെന്നും ഡി.ജി.പിക്ക് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ യു.ഐ.ഡി.എ.ഐ. സൈറ്റില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പോലീസ് വിശദീകരിക്കുന്നു. എന്നാല്‍, മധ്യപ്രദേശ് പോലീസ് വിഷയം കടുപ്പിക്കുകയാണെങ്കില്‍ സംഭവത്തിന്റ ഗതി മാറും. ആധാറിന്റെ ആധികാരികത മധ്യപ്രദേശ് പോലീസും പരിശോധിക്കും. അതേസമയം, ഇക്കാര്യവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ നിയമോപദേശം തേടിയതായി സൂചന.
പെണ്‍കുട്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡിലുള്ള അതേ നമ്പറാണ് ജനന സര്‍ട്ടിഫിക്കറ്റിലും രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈനായി സ്‌ഥിരീകരിക്കാന്‍ കഴിയുമെങ്കിലും, അന്യസംസ്‌ഥാനത്തു നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പെട്ടെന്ന് പരിശോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കാണിച്ച രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നാണ് ദേശീയ പട്ടികവര്‍ഗ കമ്മിഷന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരേ മധ്യപ്രദേശ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. വിഷയത്തില്‍ കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്‌ചയുണ്ടായെന്ന നിരീക്ഷണത്തെത്തുടര്‍ന്ന് ഈ മാസം 22-ന് നേരിട്ട് ഹാജരാകാന്‍ കേരളാ ഡി.ജി.പിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ പുതിയ റിപ്പോര്‍ട്ട് ഡി.ജി.പി. പട്ടികവര്‍ഗ കമ്മിഷന് സമര്‍പ്പിക്കും.
കഴിഞ്ഞ മാര്‍ച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു വൈറല്‍ താരത്തിന്റെ വിവാഹം നടന്നത്. കുംഭമേളയ്‌ക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളിലൂടെ ശ്രദ്ധേയയായ പെണ്‍കുട്ടി കേരളത്തില്‍ എത്തിയതും വിവാഹിതയായതും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്ന ആരോപണം ഉയര്‍ന്നതോടെ വിവാഹം നിയമക്കുരുക്കിലാവുകയായിരുന്നു.
അതിനിടെ മധ്യപ്രദേശില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെയും പെണ്‍കുട്ടിയെയും അറസ്‌റ്റ് ചെയ്യാന്‍ കേരള ഹൈക്കോടതിയുടെ വിലക്കുണ്ട്. മേയ് 20 വരെ അറസ്‌റ്റ് തടഞ്ഞാണ് ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. മലയാള സിനിമയില്‍ അഭിനയിക്കുന്ന തങ്ങള്‍ മാര്‍ച്ച് 11ന് കേരളത്തില്‍ വിവാഹിതരായെന്നും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഇരുവരും നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണു കോടതി പരിഗണിച്ചത്.






