മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ മുന്നേറ്റം തുടര്‍ന്ന് ബാഴ്‌സലോണ. സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ നടന്ന മത്സരത്തില്‍ അവര്‍ എസ്‌പാനിയോളിനെ 4-1 നു തോല്‍പ്പിച്ചു. ഫെറാന്‍ ടോറസ് ഇരട്ട ഗോളുകളടിച്ച മത്സരത്തില്‍ ലാമിനെ യമാലും മാര്‍കസ് റാഷ്‌ഫോഡും ഓരോ ഗോള്‍ വീതവുമടിച്ചു. പോള്‍ ലൊസാനോയാണ് എസ്‌പാനിയോളിനായി ഗോളടിച്ചത്.
ലാമിനെ യമാല്‍ മത്സരത്തില്‍ ഗോളടിച്ചതു കൂടാതെ ഒന്നിനു വഴിയൊരുക്കുകയും ചെയ്‌തു. 31 കളികളില്‍നിന്ന് 79 പോയിന്റ് നേടിയാണു ബാഴ്‌സ ഒന്നാമത് തുടരുന്നത്. രണ്ടാം സ്‌ഥാനത്തുള്ള റയാല്‍ മാഡ്രിഡിന് അത്രയും കളികളില്‍ 70 പോയിന്റാണ്. 38 പോയിന്റുള്ള എസ്‌പാനിയോള്‍ പത്താം സ്‌ഥാനത്താണ്. വെള്ളിയാഴ്‌ച നടന്ന മത്സരത്തില്‍ റയാല്‍ മാഡ്രിഡ് ജിറോണയുമായി 1-1 ന് സമനില വഴങ്ങിയിരുന്നു. ഏഴ് മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹാന്‍സി ഫ്‌ളിക്കിന്റെ ശിഷ്യന്‍മാര്‍ വ്യക്‌തമായ ആധിപത്യം നേടി.
ചൊവ്വാഴ്‌ച ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ രണ്ടാം പാദ മത്സരം നടക്കാനിരിക്കെയാണ് ബാഴ്‌സ ഈ ജയം സ്വന്തമാക്കിയത്. ആദ്യ പാദത്തില്‍ 2-0 ന് പിന്നിലായ ബാഴ്‌സയ്‌ക്ക് ജയം ആത്മവിശ്വാസം നല്‍കും. മധ്യനിര താരം പെഡ്രിയും 18 വയസുകാരനായ വിങ്ങര്‍ യമാലും മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തു. അത്‌ലറ്റിക്കോ മാഡ്രിഡ് സെവിയ്യയോട് 2-1 നു തോറ്റിരുന്നു. ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിട്ട് പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചത് അത്‌ലറ്റിക്കോയ്‌ക്ക് തിരിച്ചടിയായി. ബാഴ്‌സ താരങ്ങള്‍ തന്നെ മനപൂര്‍വം പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെന്ന് എസ്‌പാനിയോള്‍ പ്രതിരോധ താരം പോള്‍ ലൊസാനോ ആരോപിച്ചു. പ്രതിഷേധ സൂചകമായി തന്റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് ഒഴിവാക്കുകയാണെന്നും ലൊസാനോ പറഞ്ഞു. ബാഴ്‌സ താരങ്ങള്‍ മത്സരത്തിനിടെ പലപ്പോഴും ലൊസാനോയുമായി വാക്കു തര്‍ക്കമുണ്ടാക്കിയിരുന്നു.




