നിങ്ബോ (ചൈന): ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആയുഷ് ഷെട്ടിക്ക് വെള്ളി. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ ഷി യു ക്വിയാണ് ആയുഷിനെ തോല്‍പ്പിച്ചത്. സ്കോര്‍: 8-21, 10-21. നേരിട്ടുള്ള ഗെയിമുകള്‍ക്കാണു ഷി യുവിന്റെ ജയം.
സിംഗിള്‍സില്‍ 61 വര്‍ഷം മുമ്പാണ് ഇന്ത്യ അവസാനം സ്വര്‍ണം നേടിയത്. 20 വയസുകാരനായ ആയുഷ് മംഗളുരു സ്വദേശിയാണ്. ദിനേശ് ഖന്നയ്ക്കു ശേഷം ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ്. ദിനേശ് ഖന്ന 1965 ല്‍ ചാമ്പ്യനായിരുന്നു. 2023 ല്‍ ഇന്ത്യക്കായി പുരുഷ ഡബിള്‍സില്‍ സാത്വിക്സായ്രാജ് റങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സ്വര്‍ണം നേടിയിരുന്നു.
ലോക ഒന്നാം നമ്പര്‍ കുന്‍ലാവത് വിറ്റിദ്സാണ്, ലോക നാലാം നമ്പര്‍ ജൊനാഥന് ക്രിസ്റ്റി, ഏഴാം നമ്പര്‍ ലി ഷി ഫെങ് എന്നിവരെ അട്ടിമറിക്കാന്‍ ആയുഷിനായി.
ബംഗളുരുവിലെ പാദുകോണ്‍- ദ്രാവിഡ് സെന്റര്‍ ഫോര്‍ സ്പോര്ട്സ്് എക്സലന്‍സിലെ വിദ്യാര്‍ഥിയാണ്. ഷി യുവിന്റെ കനത്ത സ്ട്രോക്കുകള്‍ക്കു മറുപടി നല്കാന് ആയുഷിനായില്ല. ലോക 25-ാം റാങ്കുകാരനായ ആയുഷ് അസാമാന്യ പ്രകടനമാണ് സെമി ഫൈനലില്‍ പുറത്തെടുത്തത്. കിരീടം നിലനിര്‍ത്താനിറങ്ങിയ തായ്ലന്ഡുകാരന് വിറ്റിഡ്സണെ വിറപ്പിച്ചു (10-21, 21-19, 21-17). ഒന്നാം ഗെയിമില്‍ ചെറുത്തുനില്‍പ്പ് കാട്ടാതെ കീഴടങ്ങിയ ആയുഷ് രണ്ടാം ഗെയിമില്‍ വമ്പന്‍ പ്രകടനത്തോടെ തിരിച്ചെത്തി. പാരിസ് ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവും 2023 ലെ ലോക ചാമ്പ്യനുമായ വിറ്റിഡ്സണ് പിടിച്ചുനില്‍ക്കാനായില്ല. മംഗളൂരു സ്വദേശിയായ ആയുഷ് യു.എസ്. ഓപ്പണ്‍ സൂപ്പര്‍ 300 ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായിട്ടുണ്ട്.



