കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയിന്റിന് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബഗാന് പഞ്ചാബ് എഫ്.സിയെ 3-2 നു തോല്‍പ്പിച്ചു.
ബഗാനായി ജാമി മക്ലാറന്, സഹല്‍ അബ്ദുള്‍ സമദ്, ജാസണ്‍ കുമ്മിങ്സ് എന്നിവര്‍ ഗോളടിച്ചു. പഞ്ചാബിനായി ഡാനി റാമിറേസ്, എഫോങ് എന്സണ്സി എന്നിവര്‍ ഗോളടിച്ചു. ഇഞ്ചുറി ടൈമില്‍ ഗോളടിച്ച ജാസണ്‍ കുമ്മിങ്സാണു ബഗാനെ ജയിപ്പിച്ചത്. എട്ട് കളികളില്‍നിന്നു 17 പോയിന്റുള്ള ബഗാന് രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റിക്ക് ഒരു പോയിന്റ് വ്യത്യാസമാണ്. ഏഴ് കളികളില്‍നിന്നു 11 പോയിന്റുള്ള പഞ്ചാബ് ഏഴാമതാണ്. മറ്റൊരു മത്സരത്തില്‍ ഇന്റര്‍ കാശി 1-0 ത്തിന് മുഹമ്മദന്‍ എസ്.സിയെ തോല്‍പ്പിച്ചു. മുഹമ്മദ് ആസിഫ് ഖാനാണു കാശിക്കായി ഗോളടിച്ചത്. എട്ട് കളികളില്‍നിന്നു 11 പോയിന്റുള്ള ഇന്റര്‍ കാശി എട്ടാമതാണ്. ഏഴ് കളികളും തോറ്റ മുഹമ്മദന്‍ അക്കൗണ്ട് തുറക്കാനായില്ല.




