ഹാംബര്‍ഗ്: ജര്‍മനിയിലെ ബുണ്ടസ് ലിഗ ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കിന് പുതിയ റെക്കോഡ്. സെന്റ് പൗളിക്കെതിരേ നടന്ന മത്സരത്തില്‍ 5-0 ത്തിനു ജയിച്ചതോടെയാണു ബയേണ്‍ പുതിയ ഉയരത്തിലെത്തിയത്. പൗളിയുടെ തട്ടകമായ മിലനോറ്റര് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബയേണിനായി ജമാല്‍ മുസിലായ, ലിയോണ്‍ ഗോരെറ്റ്സ്ക, മിച്ചല്‍ ഒലിസ്, നികോളാസ് ജാക്സണ്, റാഫേല്‍ ഗുരേരോ എന്നിവര്‍ ഗോളുകളടിച്ചു. 29 കളികളില്‍നിന്ന് 76 പോയിന്റ് നേടിയ ബയേണ്‍ പട്ടികയില്‍ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ബോറുസിയ ഡോര്‍ട്ട്മുണ്ടിന് 64 പോയിന്റാണ്. മൂന്നാം സ്ഥാനത്തുള്ള ആര്.ബി. ലീപ്സിങ് 56 പോയിന്റാണ് ഇതുവരെ നേടിയത്. വിന്‍സന്റ് കോംപാനിയുടെ ശിഷ്യന്മാര് സീസണില്‍ ഇതുവരെ 105 ഗോളുകളടിച്ചു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന അവരുടെ തന്നെ ലീഗ് റെക്കോഡാണു മറികടന്നത്. 1971-72 സീസണില്‍ 101 ഗോളുകളടിച്ചാണു ബയേണ്‍ അപ്രമാദിത്തം നേടിയത്. പൗളിക്കെതിരേ അഞ്ച് ഗോളുകളടിച്ചതോടെയാണ് 105 ലെത്തിയത്്. 1971-72 സീസണിനു ശേഷം മറ്റൊരു ടീമിനും റെക്കോഡ് തകര്‍ക്കാന്‍ സാധിച്ചില്ല. 54 വര്‍ഷത്തെ ഈ ചരിത്രമാണ് ബയേണ്‍ തന്നെ പഴങ്കഥയാക്കിയത്. മത്സരത്തില്‍ ജമാല്‍ മുസിയാലയാണ് ബയേണിനായി ആദ്യ ഗോളടിച്ചത്്. ഒമ്പതാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. അടുത്ത ഗോള്‍ വീണത് 53-ാം മിനിറ്റിലായിരുന്നു. ലിയോണ്‍ ഗോറെറ്റ്സ്കയുടെ വകയായിരുന്നു ഗോള്‍. വൈകാതെ മൈക്കല്‍ ഒലിസും വല കുലുക്കി. മിനിറ്റുകള്‍ക്കു ശേഷം നിക്കോളാസ് ജാക്സണും ഗോളടിച്ചു. കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കേ റാഫേല്‍ ഗുറേറോ ടീമിന്റെ പട്ടിക പൂര്‍ത്തിയാക്കി.



