ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ ഏഴ് വിക്കറ്റ്് ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ എട്ട് വിക്കറ്റിന് 164 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഗുജറാത്ത് കളി തീരാന്‍ എട്ട് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ട്ലര്‍ (37 പന്തില്‍ 11 ഫോറുകളടക്കം 60), നായകനും ഓപ്പണറുമായ ശുഭ്മന്‍ ഗില്‍ (40 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 56) എന്നിവരാണു വിജയ ശില്‍പ്പികള്‍. വാഷിങ്ടണ്‍ സുന്ദര്‍ (13 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 21), രാഹുല്‍ തെവാതിയ (എട്ട് പന്തില്‍ 10) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. നാല് കളികളില്‍നിന്നു നാല് പോയിന്റ് രീതമുള്ള ഗുജറാത്ത് അഞ്ചാം സ്ഥാനത്തും ലഖ്നൗ ആറാമതുമാണ്.
ഭാരത രത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയ് ഏക്ന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന് ശുഭ്മന്‍ ഗില്‍ ലഖ്നൗവിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. പേസര്‍ പ്രസിദ്ധ കൃഷ്ണ നാല് ഓവറില്‍ 28 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്തതോടെ ലഖ്നൗ പതറി. അശോക് ശര്‍മ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, കാഗിസോ റബാഡ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ഓപ്പണര്‍ എയ്ദീന് മാര്‍ക്രം (21 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 30) മാത്രമാണു മുന്‍നിരയില്‍ ശോഭിച്ചത്. നികോളാസ് പൂരാന് (21 പന്തില്‍ രണ്ട് സിക്സറടക്കം 19), മുകുള്‍ ചൗധരി (14 പന്തില്‍ ഒരു സിക്സറും ഒരു ഫോറുമടക്കം 18), നായകന് ഋഷഭ് പന്ത് (11 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 18), അബ്ദുല്‍ സമദ് (22 പന്തില്‍ 18) എന്നിവരാണ് ലക്നൗവിന്റെ മറ്റ് പ്രധാന സ്കോറര്‍മാര്‍. ഗുജറാത്ത് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ലഖ്നൗ പതറി. മിച്ചല്‍ മാര്‍ഷും (നാല് പന്തില്‍ ഒരു സിക്സറും ഒരു ഫോറുമടക്കം 11) മാര്‍ക്രവും ചേര്‍ന്ന ഓപ്പണിങ് വിക്കറ്റ് 14 റണ്‍ മാത്രമാണു നേടിയത്.
മാര്‍ഷിനെ കഗിസോ റബാഡയുടെ പന്തില്‍ ശുഭ്മന്‍ ഗില്‍ പിടിച്ചു. പവര്‍പ്ലേ അവസാനിക്കും മുന്‍പ് നായകന് ഋഷഭ് പന്തും പുറത്തായി. മുഹമ്മദ് സിറാജിന്റെ പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ രാഹുല്‍ തെവാത്തിയയാണ് ഋഷഭിനെ മടക്കിയത്.
പവര്‍പ്ലേ ഓവറുകളില്‍ 60 റണ്ണെടുത്തെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞു. സ്കോര്‍ 69 ല്‍ നില്‍ക്കെ ഓപ്പണര്‍ മാര്‍ക്രവും വീണു. ആയുഷ് ബദോനിയും (11 പന്തില്‍ ഒന്‍പത്) പുരാനും പുറത്തായതോടെ ലക്നൗ അഞ്ചിന് 109 റണ്‍ എന്ന നിലയിലായി. അഞ്ചു പന്തുകള്‍ നേരിട്ട മുഹമ്മദ് ഷമി ഒരു സിക്സറും ഫോറുമുള്‍പ്പടെ 12 റണ്ണുമായി പുറത്താകാതെനിന്നു. അവസാന മൂന്ന് ഓവറുകളില്‍ നേടിയ 44 റണ്ണാണ് ഇന്നിങ്സില്‍ നിര്‍ണായകമായത്. ഗുജറാത്തിനു നിറംമങ്ങിക്കളിക്കുന്ന സായ് സുദര്‍ശനെ (14 പന്തില്‍ 15) നഷട്മായെങ്കിലും ഗില്ലും ബട്ട്ലറും ചേര്‍ന്ന് അപകടമൊഴിവാക്കി. സായ് സുദര്‍ശനെ ധ്രുവ് റാതി ആവേശ് ഖാന്റെ കൈയിലെത്തിച്ചു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 36 പന്തില്‍ 50 റണ്ണെടുത്തു. ഗില്‍ 34 പന്തിലും ബട്ട്ലര്‍ 29 പന്തിലും അര്‍ധ സെഞ്ചുറി കടന്നു. ഗില്ലിനെ പ്രിന്‍സ് യാദവും ബട്ട്ലറെ മുഹമ്മദ് ഷമിയും പുറത്താക്കി. ഇന്നലത്തെ അര്‍ധ സെഞ്ചുറിയോടെ ട്വന്റി20 ക്രിക്കറ്റില്‍ 14,000 റണ്‍ തികയ്ക്കുന്ന അഞ്ചാമത്തെ താരമെന്ന നേട്ടം ജോസ് ബട്ട്ലര്‍ സ്വന്തമാക്കി. ക്രിസ് ഗെയ്ല്, കെയ്റോണ്‍ പൊള്ളാഡ്, അലക്സ് ഹാലസ്, ഡേവിഡ് വാര്‍ണര്‍ എന്നിവരടങ്ങുന്ന പട്ടികയിലാണ് ബട്ട്ലര്‍ ഇടംപിടിച്ചത്. ലഖ്നൗവിനെതിരേ കളിക്കാനിറങ്ങുമ്പോള്‍ ബട്ട്ലര്‍ക്ക് 14,000 ലെത്താന്‍ 39 റണ്‍ കൂടി വേണമായിരുന്നു. ഗുജറാത്ത് ഇന്നിങ്സിലെ ആവേശ് ഖാന് എറിഞ്ഞ 12-ാം ഓവറിലെ അഞ്ചാം പന്തിലാണ് ബട്ട്ലര്‍ 14,000 തികച്ചത്. ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ ബട്ട്ലറുടെ 497-ാം ട്വന്റി20 മത്സരമായിരുന്നു അത്. ട്വന്റി20 യില്‍ ആദ്യമായി 14,000 റണ്‍ തികച്ചത് വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ലാണ്. 2005 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 20 ലധികം ടീമുകള്‍ക്കായി 463 മത്സരങ്ങള്‍ കളിച്ച ഗെയ്ല് ആകെ 14,562 റണ്‍ നേടി. വിന്‍ഡീസിന്റെ തന്നെ പൊള്ളാഡ് 735 മത്സരങ്ങളില്‍നിന്ന് 14,482 റണ്ണെടുത്തു പട്ടികയില്‍ രണ്ടാമനായി. അലക്സ് ഹാലസ് (14,449), ഡേവിഡ് വാര്‍ണര്‍ (14,121) എന്നിവരാണു പിന്നാലെയുള്ളത്. ബട്ട്ലര്‍ക്ക് ഇതുവരെ 14,021 റണ്ണെടുക്കാനായി. കൂടാതെ ട്വന്റി20 യില്‍ നൂറാം അര്‍ധ സെഞ്ചുറിയും ഇംഗ്ലണ്ട് താരം കുറിച്ചു. ഡേവിഡ് വാര്‍ണര്‍, വിരാട് കോഹ്ലി എന്നിവരാണു ട്വന്റി20 യില്‍ 100 അര്‍ധ സെഞ്ചുറികള്‍ കുറിച്ച മറ്റു താരങ്ങള്‍. വാര്‍ണര്‍ 436 ട്വന്റി20 കളിലായി 116 അര്‍ധ സെഞ്ചുറികളും 10 സെഞ്ചുറികളും നേടി.



