
മുംബൈ: ഐ.പി.എല്‍. ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കൂറ്റന്‍ സ്‌കോറുമായി നിലവിലെ ചാമ്പ്യന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.
വാങ്കഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ആര്‍.സി.ബിയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട് (36 പന്തില്‍ ആറ് സിക്‌സറും ആറ് ഫോറുമടക്കം 78), വിരാട് കോഹ്ലി (38 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 50) എന്നിവരും നായകന്‍ രജത് പാടീദാറും (20 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറുമടക്കം 53) നേടിയ അര്‍ധ സെഞ്ചുറികളുടെ ബലത്തില്‍ ആര്‍.സി.ബി. നാലിന് 240 റണ്‍ എന്ന കൂറ്റന്‍ സ്‌കോറിലെത്തി. 16 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 34 റണ്ണുമായി പുറത്താകാതെനിന്ന ടിം ഡേവിഡും മുംബൈ ബൗളര്‍മാരെ തല്ലിത്തകര്‍ത്തു. മുംബൈ പേസര്‍ ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 50 റണ്‍ വഴങ്ങി. ഇടംകൈയന്‍ സ്‌പിന്നര്‍ മിച്ചല്‍ സാന്റ്‌നറുടെ നാല് ഓവറില്‍ 43 റണ്ണും പിറന്നു. മായങ്ക് മര്‍കാണ്ഡെ രണ്ട് ഓവറില്‍ 40 റണ്ണും ശാര്‍ദൂല്‍ ഠാക്കൂര്‍ 32 റണ്ണും വഴങ്ങി. നാല് ഓവറില്‍ 35 റണ്‍ വിട്ടുകൊടുത്ത ജസ്‌പ്രീത് ബുംറയ്‌ക്കു വിക്കറ്റെടുക്കാനുമായില്ല. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് ആര്‍.സി.ബി. 200 റണ്ണിനു മുകളില്‍ നേടുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ സീസണിലെ രണ്ടാം മത്സരത്തില്‍ ആര്‍.സി.ബി. 250 റണ്‍ അടിച്ചെടുത്തിരുന്നു. സാള്‍ട്ടും കോഹ്ലിയും ചേര്‍ന്നു പവര്‍പ്ലേ ഓവറുകളില്‍ 71 റണ്ണെടുത്തു. ആര്‍.സി.ബി. 8.4 ഓവറില്‍ 100 കടന്നു. ഓപ്പണിങ് വിക്കറ്റില്‍ 120 റണ്ണാണ് സാള്‍ട്ടും കോഹ്ലിയും ചേര്‍ന്ന് അടിച്ചത്. 120 ല്‍ നില്‍ക്കെ സാള്‍ട്ടിനെ ശാര്‍ദൂല്‍ ഠാക്കൂറിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ പിടികൂടി. പിന്നാലെയെത്തിയ രജത് പാടീദാറും തകര്‍ത്തടിച്ചു.
പാണ്ഡ്യയെറിഞ്ഞ 15-ാം ഓവറിലെ നാലാം പന്തില്‍ കോഹ്ലി സൂര്യകുമാര്‍ യാദവിനു ക്യാച്ച് നല്‍കി മടങ്ങി. പാടീദാര്‍ മിച്ചല്‍ സാന്റ്‌നറിന്റെ പന്തില്‍ തിലക് വര്‍മയ്‌ക്കു ക്യാച്ച് നല്‍കി. 16.5 ഓവറില്‍ സ്‌കോര്‍ 200 ലെത്തി. ഒരു ഭാഗത്ത് ടിം ഡേവിഡ് വമ്പനടികള്‍ ലക്ഷ്യമിട്ടപ്പോള്‍ ജിതേഷ് ശര്‍മ (ഒന്‍പത് പന്തില്‍ 10) വീണ്ടും നിരാശപ്പെടുത്തി. ബോള്‍ട്ടിന്റെ അവസാന ഓവറിലെ ആറാം പന്ത് സിക്‌സറടിച്ചാണു ടിം ഡേവിഡ് സ്‌കോര്‍ 240 ലെത്തിച്ചത്.



