
വാഷിങ്ടണ്‍: ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ബെന്റ് ക്രൂഡ് വില ബാരലിന് 7 ശതമാനം വര്‍ധിച്ച് 102.29 ഡോളറിലെത്തി. മേഖലയിലെ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് എണ്ണവില 100 ഡോളര്‍ കടക്കാന്‍ കാരണമായത്. ഇതിനുപിന്നാലെ തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കില്‍ നാവിക പട്രോളിങ് ശക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് തീരുമാനിച്ചു.
തിങ്കളാഴ്ച മുതല്‍ ഇറാനിലേക്കോ അവിടെനിന്ന് പുറത്തേക്കോ ഉള്ള കപ്പല്‍ ഗതാഗതത്തിന് പൂര്‍ണ്ണമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പശ്ചിമേഷ്യയിലെ യുഎസ് സേനാ വിഭാഗമായ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഇറാന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ക്ക് ഈ ഉപരോധം ബാധകമായിരിക്കും. ഇതില്‍ ഒരു രാജ്യത്തിനും ഇളവ് നല്‍കില്ലെന്നും അമേരിക്കന്‍ ഭരണകൂടം അറിയിച്ചു.
അതേസമയം, ഇറാന്‍ ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകളെ തടയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, യുഎസിന്റെ ഉപരോധ ഭീഷണിയെ ഇറാന്‍ പരിഹസിച്ചു. ട്രംപിന്റെ ഭീഷണികള്‍ ചിരിക്കാന്‍ വകയുള്ളതാണെന്ന് ഇറാനിയന്‍ നേവി കമാന്‍ഡര്‍ അഡ്മിറല്‍ ഷഹറാം ഇറാനി പറഞ്ഞു. മേഖലയിലെ യുഎസ് സൈനിക നീക്കങ്ങള്‍ ഇറാന്‍ സേന സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






