
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. മുഖ്യമന്ത്രിയെ നേരിട്ടു കാണാനുള്ള അവസരം ഒരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിതിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തുന്നത് അനുസരിച്ച് കുടുംബത്തിന് അദ്ദേഹത്തെ നേരിട്ട് കാണാന്‍ കഴിയുമെന്നാണ് വിവരം. ഇന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തുകയാണെങ്കില്‍ കുടുംബം അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
പോലീസ് അന്വേഷണത്തില്‍ നീതി കിട്ടുമെന്ന വിശ്വാസമില്ലാത്തതിനാല്‍ കോടതിയെ സമീപിക്കുമെന്നാണ് കുടുംബം പറയുന്നത്. അതേസമയം അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. സഹപാഠികളുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. നിതിന്‍ രാജിന്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാല്‍ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്. അവസാനമായി നിതിനെ ഫോണില്‍ ബന്ധപ്പെടുമ്പോഴും അത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി പറഞ്ഞിരുന്നില്ലെന്നും ഗുരുതരമായ ജാതി അധിക്ഷേപത്തിന് മകന്‍ ഇരയായെന്നും കുടുംബം പറയുന്നു.
അതേസമയം ആരോപണ വിധേയര്‍ക്ക് എതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്‌ഐ, എംഎസ്എഫ്, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കോളേജിന്റെ മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. വകുപ്പ് മേധാവി എം കെ റാം, അസോ. പ്രൊഫസര്‍ സംഗീത എന്നിവരെ പിരിച്ചുവിടണമെന്നതാണ് പ്രധാന ആവശ്യം. നിലവില്‍ ആത്മഹത്യാ പ്രേരണ കുറ്റമാണ് അധ്യാപകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.






