
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായിരുന്നു ' ഓട്ടോഗ്രാഫ്'. രഞ്ജിത്ത് രാജ്, അംബരീഷ് , ശ്രീക്കുട്ടി, സോണിയ മോഹന്‍ദാസ്, ശരത് കുമാര്‍ എന്നിവരാണ് സീരിയയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരില്‍ പലരും പില്ക്കാലത്ത് അഭിനയരംഗത്ത് സജീവമായെങ്കിലും ശരത്കുമാര് ഇന്നും വേദനിക്കുന്ന ഓര്‍മയാണ്. പത്ത് വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തിലാണ് ശരത് മരിച്ചത്.
ഇപ്പോഴിതാ ശരത്തിന്റെ കുടുംബത്തെ സന്ദര്‍ശിച്ച വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇതേ സീരിയലിന്റെ ഭാഗമായ സോണിയ മോഹന്‍ദാസ്. വിവാഹത്തോടെ വിദേശത്ത് സെറ്റിലായ സോണിയ അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് ശരത്തിന്റെ വീട്ടിലെത്തിയത്.
''ഓട്ടോഗ്രാഫ് ഞങ്ങൾക്കൊരു സീരിയൽ ആയിരുന്നില്ല വികാരമായിരുന്നുവെന്ന് പലരും പറയാറുണ്ട്. അതുപോലെ തന്നെയാണ് ഞങ്ങൾ അഞ്ച് പേർക്കും. ഞങ്ങൾക്ക് അതൊരു സീരിയൽ ആയിരുന്നില്ല. അഭിനയിക്കുകയായിരുന്നില്ല, ആ സെറ്റിൽ ഞങ്ങൾ ഓരോ നിമിഷവും ജീവിക്കുകയായിരുന്നു. ഞങ്ങൾ അഞ്ച് പേരും ആ സീരിയലിൽ കാണുന്നതുപോലെ തന്നെ അത്രയും നല്ല സുഹൃത്തുക്കളായിരുന്നു. ആ അഞ്ച് പേരിൽ ഒരാൾ ഇല്ലാതാവുക എന്ന് പറയുന്നത് ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.
ഇത്തവണ നാട്ടിൽ വന്നപ്പോൾ എറണാകുളത്തുള്ള ശരത്തിന്റെ വീട്ടിലേക്ക് പോയി. കഴിഞ്ഞ പ്രാവശ്യം ഞാൻ പോയപ്പോൾ അങ്കിളും ആന്റിയും ശരത്തിന്റെ സഹോദരൻ ശ്രീകുമാറുമെല്ലാം ഉണ്ടായിരുന്നു. ശരത്തിന്റെ അമ്മ നന്നായി ഭക്ഷണം ഉണ്ടാക്കുന്നയാളാണ്. ശരത്ത് ഉണ്ടായിരുന്നപ്പോഴും അമ്മയുടെ ഭക്ഷണത്തെ കുറിച്ച് പറയാറുണ്ടായിരുന്നു. ഞങ്ങൾക്കും അത് രുചിച്ച് നോക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇത്തവണ ചെന്നപ്പോൾ ആന്റിയുടെ ഭക്ഷണം വല്ലാതെ മിസ് ചെയ്തു. ആന്റിയേയും ശരത്തിനേയും മിസ് ചെയ്തു. കഴിഞ്ഞ വർഷം ഒരു അസുഖം ബാധിച്ചാണ് ആന്റി മരിച്ചത്. ആ വീട്ടിലെ ഓരോ മുറിയിൽ പോകുമ്പോഴും ശരത്തിന്റേയും ആന്റിയുടേയും സമീപ്യം അനുഭവപ്പെടും. കൊച്ചനുജനായി ശരത്ത് എന്നും എന്റെ മനസിലുണ്ടാകും. അവൻ എവിടെയെങ്കിലും ഇരുന്ന് ഇതൊക്കെ കാണുന്നുണ്ടാകും. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം'', സോണിയ വീഡിയോയിൽ പറഞ്ഞു.






