വാഷിങ്‌ടണ്‍/ടെഹ്‌റാന്‍: രാജ്യാന്തര ചരക്കുനീക്കത്തെയും ലോകസമ്പദ്‌വ്യവസ്‌ഥയെയും മുള്‍മുനയിലാക്കി ഹോര്‍മുസ് കടലിടുക്കിലെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് അമേരിക്ക പ്രഖ്യാപിച്ച ഉപരോധം പ്രാബല്യത്തില്‍. ഹോര്‍മുസില്‍ വെല്ലുവിളി തുടരാനാണു തീരുമാനമെങ്കില്‍ ഇറാന്റെ കപ്പലുകളെ തകര്‍ക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കെല്‍പ്പ് അമേരിക്കയ്‌ക്കില്ലെന്ന് ഇറാന്റെ തിരിച്ചടി.
ഇന്ത്യന്‍ സമയം ഇന്നലെ രാത്രി ഏഴരയോടെ (ഇറാന്‍ സമയം വൈകിട്ട് 5.30) യാണ് ഹോര്‍മുസിലെ യു.എസ്. നിയന്ത്രണം നടപ്പായത്‌്. പാകിസ്‌താന്‍ ആതിഥേയത്വം വഹിച്ച ഇറാന്‍-യു.എസ്. ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞതിനു പിന്നാലെയാണ് സമ്മര്‍ദം ശക്‌തമാക്കി ട്രംപ് ഹോര്‍മുസില്‍ നിലപാടു കടുപ്പിച്ചത്. ഹോര്‍മുസിലടക്കം ഇറാന്റെ തുറമുഖങ്ങളിലേക്കും തീരദേശങ്ങളിലേക്കും പ്രവേശിക്കുന്നതും പുറപ്പെടുന്നതുമായ മുഴുവന്‍ കപ്പലുകളെയും തടയാന്‍ യു.എസ്. നാവികസേനയ്‌ക്ക് ട്രംപ് നിര്‍ദേശം നല്‍കി. ഇതു മറികടക്കാന്‍ ശ്രമിക്കുന്ന ഇറാനിയന്‍ കപ്പലുകളെ യു.എസ്. നാവികസേന'ഉടന്‍ തുടച്ചുനീക്കു'മെന്ന് സാമൂഹിക മാധ്യമത്തില്‍ ട്രംപ്‌് കുറിച്ചു. കടല്‍മാര്‍ഗം മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നവരെ കൊന്നുതള്ളിയ അതേമാര്‍ഗം ഇതിനായി അവലംബിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി. ഇറാനുമായി എണ്ണ ഇടപാടു നടത്തുന്ന രാജ്യങ്ങള്‍ക്ക് നിയമനടപടി നേരിടേണ്ടിവരുമെന്ന് യു.എസ്. ആക്‌ടിങ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാന്‍ഷെ പറഞ്ഞു.
ഭീഷണിയിലൂടെ കീഴടക്കാമെന്നതു വ്യാമോഹം മാത്രമാണെന്ന് ഇറാന്‍ മറുപടി നല്‍കി. തങ്ങളുടെ തുറമുഖങ്ങള്‍ക്കു ഭീഷണി നേരിട്ടാല്‍ പേര്‍ഷ്യന്‍, ഒമാന്‍ മേഖലയിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാന്‍ സേന വ്യക്‌തമാക്കി.
ഹോര്‍മുസിലെ പുതിയ സംഭവവികാസങ്ങള്‍ രാജ്യാന്തര എണ്ണവിലയില്‍ കുതിപ്പിനു വഴിവച്ചു. യു.എസില്‍ വീപ്പയ്‌ക്ക് വീണ്ടും നൂറു ഡോളര്‍ പിന്നിട്ടു. ഇതിനുപിന്നാലെ രംഗം ശാന്തമാക്കാന്‍ വിവിധ രാഷ്‌ട്രങ്ങള്‍ രംഗത്തെത്തി. ഹോര്‍മുസ് മുന്നില്‍വച്ച് വിലപേശുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാന്‍ ഇരുപക്ഷവും ശ്രമിക്കണമെന്നും ഖത്തര്‍ അഭ്യര്‍ഥിച്ചു. പ്രശ്‌നപരിഹാരത്തിനു തുടര്‍ന്നും ശ്രമിക്കുമെന്ന് പാകിസ്‌താന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് പറഞ്ഞു.
അതിനിടെ ഇസ്ലാമാബാദില്‍ നടന്ന സംഭാഷണങ്ങള്‍ക്കിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി ഫോണില്‍ ബന്ധപ്പെട്ടതാണ് ചര്‍ച്ച തകരാന്‍ കാരണമായതെന്ന് ഇറാന്‍ ആരോപിച്ചു. വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി ഇക്കാര്യം സാമൂഹികമാധ്യമത്തില്‍ കുറിക്കുകയും ചെയ്‌തു. യുദ്ധത്തിലൂടെ നേടാനാകാത്തത് ചര്‍ച്ചാമേശയില്‍ നേടാന്‍ അമേരിക്ക ശ്രമിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വാന്‍സുമായി ആശയവിനിമയം നടത്തിയതായി നെതന്യാഹുവും സ്‌ഥിരീകരിച്ചിട്ടുണ്ട്.





