വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു തുടക്കം. ഇന്നലെ അദ്ദേഹം മുസ്ലിം ഭൂരിപക്ഷ രാജ്യമായ അള്‍ജീരിയയിലെത്തി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ നാല് രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന 11 ദിവസത്തെ സന്ദര്‍ശനത്തിലാണു മാര്‍പാപ്പ. വത്തിക്കാന്‍ കണക്കുകള്‍ പ്രകാരം ലോകത്തിലെ കത്തോലിക്കരില്‍ അഞ്ചിലൊന്ന് ഭാഗം ജീവിക്കുന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ്.
എന്നാല്‍, അള്‍ജീരിയ ജനസംഖ്യയുടെ ഭൂരിഭാഗവും മുസ്ലിംകളാണ്. ഏകദേശം 4.8 കോടി ജനസംഖ്യയില്‍ 10,000ല്‍ താഴെ കത്തോലിക്കര്‍ മാത്രമാണുള്ളത്. ഒരു കത്തോലിക്കാ മാര്‍പാപ്പയെ ഈ രാജ്യം ആദ്യമായാണ് സ്വീകരിക്കുന്നത്.
'ക്രിസ്‌ത്യന്‍- മുസ്ലിം ലോകങ്ങള്‍ക്കിടയില്‍ പാലങ്ങള്‍ പണിയുന്നത് തുടരുക' എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് അള്‍ജീയേഴ്‌സിലെ ആര്‍ച്ച്‌ബിഷപ് ജീന്‍പോള്‍ വെസ്‌കോ അഭിപ്രായപ്പെട്ടു.
രണ്ട് ദിവസത്തെ അള്‍ജീരിയന്‍ സന്ദര്‍ശനത്തിന് ശേഷം, മാര്‍പാപ്പ ക്യാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. 11 നഗരങ്ങളും പട്ടണങ്ങളും ഉള്‍ക്കൊള്ളുന്ന ഈ യാത്രയില്‍ ഏകദേശം 18,000 കിലോമീറ്റര്‍ ദൂരം 18 വിമാന യാത്രകളിലൂടെ അദ്ദേഹം സഞ്ചരിക്കും. മാര്‍പാപ്പ സന്ദര്‍ശിക്കുന്ന ഈ മൂന്ന് ഉപസഹാറന്‍ രാജ്യങ്ങളിലും ജനസംഖ്യയുടെ പകുതിയില്‍ കൂടുതല്‍ കത്തോലിക്കരാണ്.
ഇറാനു നേരെയുള്ള യു.എസ്- ഇസ്രായേല്‍ യുദ്ധത്തെ ശക്‌തമായി വിമര്‍ശിക്കുന്ന മാര്‍പാപ്പ, സ്‌ഥാനമേറ്റ ശേഷം നടത്തിയ പ്രധാന വിദേശ യാത്രകളില്‍ ഒന്ന് തുര്‍ക്കിയിലേക്കും ലെബനിലേക്കുമായിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് അദ്ദേഹം ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. മാര്‍ച്ച് മാസത്തില്‍ അദ്ദേഹം മൊണാക്കോയും സന്ദര്‍ശിച്ചിരുന്നു.
ക്യാമറൂണിലെ ഡൗല എന്ന തീരദേശ നഗരത്തില്‍ വെള്ളിയാഴ്‌ച നടക്കുന്ന കുര്‍ബാനയില്‍ ഏകദേശം 600,000 ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മാര്‍പാപ്പയുടെ യാത്രാ പരിപാടിയിലെ പ്രധാന ചടങ്ങായിരിക്കും.
2023ല്‍ സ്‌നാനം ഏറ്റ 1.58 കോടി പുതിയ കത്തോലിക്കരില്‍ പകുതിയിലധികവും (83 ലക്ഷം) ആഫ്രിക്കയില്‍നിന്നുള്ളവരാണെന്ന് വത്തിക്കാന്‍ കണക്കുകള്‍ പറയുന്നു.
ഈ ഭൂഖണ്ഡം വര്‍ഷന്തോറും ആയിരക്കണക്കിന് പുരോഹിതരെയും സന്യാസിനികളെയും സംഭാവന ചെയ്യുന്നു. പണ്ട് പാശ്‌ചാത്യ മിഷനറിമാരെ സ്വീകരിച്ചിരുന്ന ഈ ഭൂഖണ്ഡം ഇപ്പോള്‍ ലോകമെമ്പാടും പുരോഹിതരെയും സന്യാസിനികളെയും അയയ്‌ക്കുന്ന കേന്ദ്രമായി മാറിയിരിക്കുന്നു.
ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, സ്‌പാനിഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള ലിയോ പ തിനാലാമന്‍ ഈ യാത്രയില്‍ ഈ ഭാഷകളില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യും.




