വാഷിങ്‌ടണ്‍: ഇറാനിലെ ലക്ഷ്യങ്ങള്‍ക്കെതിരേ പരിമിതമായ സൈനിക ആക്രമണങ്ങള്‍ പുനരാരംഭിക്കാനുള്ള സാധ്യത യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉന്നത ഉപദേഷ്‌ടാക്കളും പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. വാള്‍ സ്‌ട്രീറ്റ് ജേണല്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധത്തോടൊപ്പം ചെറിയതോതില്‍ സൈനിക ആക്രമണങ്ങളുമായി മുന്നോട്ടുപോകാനാണ് നീക്കം.
ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം അമേരിക്ക തുടങ്ങിക്കഴിഞ്ഞു.
വാരാന്ത്യത്തില്‍ പാകിസ്‌താനില്‍ നടന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണിത്.
ഞായറാഴ്‌ച ഇസ്ലാമാബാദില്‍ അമേരിക്കയും ഇറാനും 21 മണിക്കൂര്‍ മുഖാമുഖ ചര്‍ച്ചയാണ് നടത്തിയത്. ഒരു കരാറിലുമെത്താതെ ഈ ചര്‍ച്ചകള്‍ അവസാനിച്ചു.
ഇതോടെ, രണ്ടാഴ്‌ചത്തേക്കുള്ള വെടിനിര്‍ത്തലിന്റെ നിലയും അനിശ്‌ചിതത്വത്തിലായി.
വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും പ്രത്യേക ദൂതന്‍ സ്‌റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ചേര്‍ന്ന് യു.എസ് പക്ഷത്തുനിന്ന് ചര്‍ച്ചകള്‍ നയിച്ചു.
പക്ഷേ, അമേരിക്കന്‍ ആവശ്യങ്ങള്‍ ഇറാന്‍ തള്ളി. പ്രത്യേകിച്ച് ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍. ഇതോടെയാണ് ചര്‍ച്ച എങ്ങുമെത്താതെ അവസാനിച്ചത്.
ഫ്‌ളോറിഡയിലെ ഡോറലിലുള്ള തന്റെ റിസോര്‍ട്ടിലാണ് ട്രംപ് ഞായറാഴ്‌ച ഭൂരിഭാഗവും ചെലവഴിച്ചത്. ഇടയ്‌ക്ക് ഫോക്‌സ് ന്യൂസ് പ്രോഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. ഗോള്‍ഫ് കളിച്ചു.
ഉപദേശകരുമായി കൂടിയാലോചിച്ചു. ഉപരോധം നിലനിര്‍ത്തുകയും ഇറാനിയന്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന ഭീഷണികള്‍ ആവര്‍ത്തിക്കുകയും ചെയ്‌തെങ്കിലും നയതന്ത്ര പരിഹാരത്തിലേക്കുള്ള വഴി പ്രസിഡന്റ് ഇപ്പോഴും തുറന്നിട്ടിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഫോക്‌സ് ന്യൂസിലെ പരിപാടിയില്‍ ട്രംപ് പറഞ്ഞു: 'എനിക്ക് അത് ചെയ്യാന്‍ ഇഷ്‌ടമല്ല. പക്ഷേ, അവരുടെ വെള്ളം, ഉപ്പുവെള്ളം നീക്കം ചെയ്യുന്ന പ്ലാന്റുകള്‍, വൈദ്യുതോല്‍പാദന പ്ലാന്റുകള്‍ എന്നിവയെ എളുപ്പത്തില്‍ ആക്രമിക്കാന്‍ കഴിയും.'
എന്നാലും, പ്രാദേശിക അസ്‌ഥിരത അപകടപ്പെടുത്തുന്ന നീക്കത്തിലേക്ക് യു.എസ്‌് പോകില്ലെന്നാണ് വിലയിരുത്തലുകള്‍. വിദേശത്ത് വിപുലീകൃത സൈനിക ഇടപെടലുകള്‍ക്ക് ട്രംപ് മടിക്കുമെന്നും വിദഗ്‌ധപക്ഷമുണ്ട്.




