സിഡ്‌ണി: ഓസ്‌ട്രേലിയയുടെ 125 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിത കരസേനയുടെ തലപ്പത്തെത്തും. രാജ്യത്തിന്റെ പ്രതിരോധ സേനയിലെ മാറ്റങ്ങളുടെ ഭാഗമായാണ് ഈ നിയമനം. നിലവില്‍ ജോയിന്റ് കാപ്പബിലിറ്റീസ് ചീഫായ ലെഫ്‌റ്റനന്റ് ജനറല്‍ സൂസന്‍ കോയിലിനെയാണു കരസേനയുടെ പുതിയ മേധാവിയായി ഉയര്‍ത്തുന്നത്. 2022 ജൂലൈയില്‍ ഈ പദവിയിലെത്തിയ ലെഫ്‌റ്റനന്റ് ജനറല്‍ സൈമണ്‍ സ്‌റ്റുവര്‍ട്ടിന് പകരമായാണ് അവരുടെ നിയമനം.
ഏകദേശം നാല് പതിറ്റാണ്ടിന്റെ സൈനിക സേവന പാരമ്പര്യമുള്ള സൂസന്‍ കോയില്‍, അഫ്‌ഗാനിസ്‌ഥാനിലും ഗള്‍ഫിലുമുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന കമാന്‍ഡ് സ്‌ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സൈന്യത്തില്‍ വനിതാ ഉദ്യോഗസ്‌ഥരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ഈ നിയമനം. കൂടാതെ, ലൈംഗിക അതിക്രമങ്ങളെയും വിവേചനങ്ങളെയും കുറിച്ചുള്ള നിരവധി ആരോപണങ്ങള്‍ സൈന്യം നേരിടുന്നുണ്ട്.
പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ്, കോയിലിന്റെ നിയമനത്തെ ' ചരിത്രപരമായ നിമിഷം' എന്ന് വിശേഷിപ്പിച്ചു.
ഓസ്‌ട്രേലിയന്‍ കരസേന വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഓസ്‌ട്രേലിയന്‍ പ്രതിരോധ സേനയില്‍ (എ.ഡി.എഫ്.) ഏകദേശം 21 ശതമാനം സ്‌ത്രീകളാണ് ഉള്ളത്, മുതിര്‍ന്ന നേതൃത്വ സ്‌ഥാനങ്ങളില്‍ 18.5 ശതമാനമാണ്. 2030 ഓടെ മൊത്തം പങ്കാളിത്തത്തിന്റെ 25 ശതമാനം സ്‌ത്രീകളാക്കാന്‍ എ.ഡി.എഫ്. ലക്ഷ്യമിടുന്നു.




