ലണ്ടന്‍: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ തുറമുഖങ്ങള്‍ ഉപരോധിക്കാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് ഇന്നലെ എണ്ണ വില 7% ല്‍ അധികം ഉയര്‍ന്ന് ബാരലിന് 100 ഡോളറിന് മുകളിലെത്തി. യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് വിലക്കയറ്റത്തിനു കാരണം.
എണ്ണവിലയുടെ ബെഞ്ച്‌മാര്‍ക്ക് ആയ ബ്രെന്റ് ക്രൂഡ് ബാരലിന് 102.30 ഡോളറിലെത്തി. വെസ്‌റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 8.7% ഉയര്‍ന്ന് 104.94 ഡോളറിലെത്തി.
കഴിഞ്ഞ ബുധനാഴ്‌ച യു.എസും ഇറാനും രണ്ടാഴ്‌ചത്തെ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് എണ്ണ വില ബാരലിന് 100 ഡോളറിന് താഴെയായി കുറഞ്ഞിരുന്നു. ലോക ഊര്‍ജ കപ്പല്‍ ഗതാഗതത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക്, യു.എസ്- ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് ഇറാന്‍ തിരിച്ചടി നല്‍കിയതിനെത്തുടര്‍ന്ന് സംഘര്‍ഷത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരുന്നു.
ഈ ജലപാത ഉപയോഗിക്കാന്‍ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. ഫെബ്രുവരി 28 ന് യു.എസ്‌ഇസ്രായേല്‍ യുദ്ധം ഇറാനുമായി ആരംഭിച്ചതിന് ശേഷം കപ്പല്‍ ഗതാഗതം ഏറെക്കുറെ നിശ്‌ചലമായിരിക്കുകയാണ്. ഇത് ലോകമെമ്പാടും ഊര്‍ജ വില വര്‍ധിപ്പിക്കുകയും ഉപഭോക്‌താക്കള്‍ക്ക് ചെലവ് കൂടാന്‍ കാരണമാവുകയും ചെയ്‌തു. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ധന ഇതില്‍ പ്രധാനം.
മാര്‍ച്ച് ഒന്നു മുതല്‍ 5.8 കോടി ബാരലിലധികം എണ്ണ ഇറാനിലെ പ്രധാന ക്രൂഡ് കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപില്‍നിന്ന് പുറപ്പെട്ടതായി മറൈന്‍ ഇന്റലിജന്‍സ് സ്‌ഥാപനമായ വിന്‍ഡ്‌വാര്‍ഡ് അറിയിച്ചു. ഇതില്‍ 90% ലധികവും ചൈനയിലേക്കാണ് അയച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും യു.എസ്. നാവികസേന ഉപരോധിക്കുമെന്ന യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്‌താവന പ്രതിസന്ധി കൂട്ടിയിട്ടുണ്ട്.
യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് ഇറാന്‍ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകളെയും ഉപരോധിക്കുമെന്ന് ഇന്നലെ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ ഇറാന്‍ അല്ലാത്ത തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകള്‍ക്ക് ഈ ഉപരോധം ബാധകമാകില്ലെന്നും അവര്‍ പറഞ്ഞു. തിങ്കളാഴ്‌ച, ഇറാന്‍ സായുധ സേനയുടെ യുണിഫൈഡ് കമാന്‍ഡ്, കപ്പലുകള്‍ക്ക് യു.എസ്. ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ 'നിയമവിരുദ്ധവും കടല്‍ക്കൊള്ളയുമാണ്' എന്ന് പ്രസ്‌താവിച്ചു. യു.എസ്. ഭീഷണികളെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കാന്‍ ഇറാന്‍ ഒരു 'സ്‌ഥിരം സംവിധാനം' നടപ്പാക്കുമെന്നും അവര്‍ വ്യക്‌തമാക്കി.
വിഷയത്തില്‍ സംയമനം പാലിക്കാന്‍ ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. 'ഹോര്‍മുസ് കടലിടുക്ക് ചരക്കുകള്‍ക്കും ഊര്‍ജത്തിനും വേണ്ടിയുള്ള ഒരു പ്രധാന രാജ്യാന്തര വ്യാപാര പാതയാണ്, അതിന്റെ സുരക്ഷ നിലനിര്‍ത്തുന്നത് രാജ്യാന്തര സമൂഹത്തിന്റെ പൊതുവായ താല്‍പ്പര്യമാണ്'- ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്‌താവ് പറഞ്ഞു.
എണ്ണ വില ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നു സിംഗപ്പൂരിലെ നിയാങ് ടെക്‌നോളജിക്കല്‍ സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്‌ധന്‍ ചുവാ യോ ഹ്വി പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണയും വാതകവും മാത്രമല്ല മറ്റു വിഭവങ്ങളും കടന്നുപോകുന്നുണ്ട്. ലോകത്തിന് ആവശ്യമായ അലൂമിനിയത്തിന്റെ 30% , ഹീലിയത്തിന്റെ 30%, വളങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്‌തുക്കളുടെ 50% വരെ, പോളിമറുകളുടെ 17% എന്നിവ ഹോര്‍മുസിലൂടെയാണു കടന്നുപോകുന്നത്.
ഹൈഡ്രോകാര്‍ബണുകള്‍ക്കപ്പുറം ഗള്‍ഫ് നിര്‍ണായക ആഗോള വിതരണ കേന്ദ്രമാണ്. ഇത് കുറച്ച് ആഴ്‌ചകള്‍ കൂടി നീണ്ടുനിന്നാല്‍, പെട്രോള്‍, ഡീസല്‍ വില കൂടുന്നത് കൂടാതെ ഇതിന്റെ ആഘാതം വളരെ വലുതായിരിക്കുമെന്നു സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നു.
രണ്ടാഴ്‌ചത്തെ വെടിനിര്‍ത്തല്‍ നിലനില്‍ക്കുമോ എന്ന ചോദ്യവുമുണ്ട്. യു.എസ്. - ഇറാന്‍ വെടിനിര്‍ത്തല്‍ പരാജയത്തെ തുടര്‍ന്ന് യൂറോപ്പിലെ സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍ താഴ്‌ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. യു.കെയുടെ എഫ്.ടി.എസ്.ഇ 100 0.5% കുറഞ്ഞു, ഫ്രാന്‍സിലെ കാക് ഇന്‍ഡെക്‌സും ജര്‍മ്മനിയിലെ ഡാക്‌സ് ഇന്‍ഡെക്‌സും 1% വീതം താഴ്‌ന്നു.
ഏഷ്യയിലെ പ്രധാന സ്‌റ്റോക്ക് സൂചികകളും തിരിച്ചടി നേരിട്ടു. ജപ്പാനിലെ നിക്കി 225 0.7% താഴ്‌ന്നു, ദക്ഷിണ കൊറിയയുടെ കോസ്‌പി 0.9% താഴ്‌ന്നു.
ഇറാന്‍ യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ ഏഷ്യന്‍ രാജ്യങ്ങളെയാണ് കൂടുതല്‍ ബാധിച്ചത്.




