റോം/വാഷിങ്‌ടണ്‍: ഇറാന്‍ യുദ്ധം സംബന്ധിച്ച നിലപാടിന്റെ പേരില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്ന ഒരു മാര്‍പാപ്പയെ തനിക്ക് ആവശ്യമില്ലെന്നു ട്രംപ് പറഞ്ഞു.
അതേസമയം, യുദ്ധത്തിനെതിരേ ഉച്ചത്തില്‍ സംസാരിക്കുന്നത് തുടരുമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ മറുപടി നല്‍കി. സമാധാനത്തിനും അനുരഞ്‌ജനത്തിനുമായുള്ള വത്തിക്കാന്റെ ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ അധിഷ്‌ഠിതമാണെന്നും ട്രംപ് ഭരണകൂടത്തെ താന്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം വിശുദ്ധമല്ലെന്നും ദൈവം ഒരു സംഘട്ടനവും ആഗ്രഹിക്കുന്നില്ലെന്നുമാണ് മാര്‍പാപ്പയുടെ നിലപാട്.
അതിനിടെ, സ്വയം യേശുവായി ചിത്രീകരിച്ചുള്ള എ.ഐ. ചിത്രം ട്രംപ് സാമൂഹികമാധ്യമത്തില്‍ പങ്കുവച്ചു. രോഗശാന്തി നല്‍കുന്ന യേശുവായി ട്രംപിനെ ചിത്രീകരിച്ചുള്ള എ.ഐ. ചിത്രമാണ് ട്രംപ്‌തന്നെ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ചത്. അമേരിക്കന്‍ ദേശീയപതാകയുടെ പശ്‌ചാത്തലത്തിലുള്ള ചിത്രത്തില്‍ യു.എസ്. സൈനികരെയും നഴ്‌സുമാരെയും രോഗിയെയും പരുന്തിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗിയുടെ തലയില്‍ കൈവച്ച് രോഗശാന്തി നല്‍കുന്ന ട്രംപിന്റെ ചിത്രം ഇതിനോടകം വൈറലാണ്. 'ലിയോ പതിനാലാമന്‍ മാര്‍പാപ്പ നന്ദി പറയണം, കാരണം എല്ലാവര്‍ക്കും അറിയാം, അദ്ദേഹം ഒരു അത്‌ഭുതമായിരുന്നു. അദ്ദേഹം മാര്‍പാപ്പയാകാനുള്ള ഒരു പട്ടികയിലും ഉണ്ടായിരുന്നില്ല. അമേരിക്കക്കാരനായതുകൊണ്ട് മാത്രമാണ് സഭ അദ്ദേഹത്തെ നിയോഗിച്ചത്. ഡോണള്‍ഡ് ട്രംപിനെ നേരിടാന്‍ ഇതായിരുന്നു നല്ലതെന്ന് അവര്‍ കരുതി. ഞാന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നെങ്കില്‍ ലിയോ വത്തിക്കാനില്‍ ഉണ്ടാകുമായിരുന്നില്ല.'- അദ്ദേഹം കുറിച്ചു. പോസ്‌റ്റ് വിവാദമായതിനെ തുടര്‍ന്നു പോസ്‌റ്റ് ട്രംപ് പിന്‍വലിച്ചു.
ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്കെതിരേ യു.എസില്‍നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നു. യേശുവായി ട്രംപിനെ ചിത്രീകരിച്ചുള്ള എ.ഐ. ചിത്രം മത നിന്ദയെന്ന് മുന്‍ കോണ്‍ഗ്രസ് അംഗം മര്‍ജോറി ടെയ്‌ലര്‍ ഗ്രീന്‍ പറഞ്ഞു. 'ഓര്‍ത്തഡോക്‌സ് ഈസ്‌റ്റര്‍ ദിനത്തില്‍, പ്രസിഡന്റ് ട്രംപ് മാര്‍പാപ്പയെ അധിക്ഷേപിച്ചു. കാരണം മാര്‍പാപ്പ ഇറാനിലെ ട്രംപിന്റെ യുദ്ധത്തെ എതിര്‍ത്തു. എന്നിട്ട് അദ്ദേഹം തന്നെ യേശുക്രിസ്‌തുവായി ചിത്രീകരിക്കുന്ന ചിത്രം പങ്കുവച്ചു. ഇത ക്രിസ്‌തുവിരുദ്ധ പ്രവൃത്തിയാണ്'- അവര്‍ പറഞ്ഞു.
ട്രംപിന്റെ മാര്‍പാപ്പയെക്കുറിച്ചുള്ള പരാമര്‍ങ്ങള്‍ അനുചിതവും അനാദരവുള്ളതുമാണെന്ന് ബിഷപ് റോബര്‍ട്ട് ബാരണ്‍ പ്രതികരിച്ചു. ട്രംപ് മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.




