
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് നിയമക്കുരുക്കില്‍പ്പെട്ട ഫര്മാന് ഖാനും സുഹൃത്തും അതീവ സുരക്ഷയുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആചാരങ്ങള്‍ ലംഘിച്ച് പ്രവേശിച്ചെന്നു വെളിപ്പെടുത്തല്‍. മതവിശ്വാസം മറച്ചുവച്ച് ഇവര്‍ ക്ഷേത്രദര്‍ശനം നടത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി.
കഴിഞ്ഞ മാസം ഏഴിനാണ് ഫര്മാന് ഖാനും സുഹൃത്തും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയതെന്നാണു സൂചന. അഹിന്ദുക്കള്‍ക്ക് പ്രവേശന വിലക്കുള്ള ക്ഷേത്രത്തില്‍, തങ്ങള്‍ മുസ്ലിമാണെന്ന വിവരം മറച്ചുവച്ചാണ് ഇവര്‍ പ്രവേശിച്ചത്. അതീവ സുരക്ഷാ മേഖലയായ ഇവിടെ ആചാരലംഘനം നടത്താന്‍ ഇവര്‍ക്ക് സഹായം നല്‍കിയത് നെയ്യാറ്റിന്‍കര സ്വദേശിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ഭര്ത്താവുമാണെന്നും ആരോപണമുണ്ട്. ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു.
ദേശീയ പട്ടികവര്‍ഗ കമ്മിഷന്റെ കണ്ടെത്തല്‍ പ്രകാരം പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ചമച്ചാണ് വിവാഹം നടത്തിയത്. വിവാഹശേഷം പ്രതികള്‍ അരുമാനൂരില്‍ താമസിച്ചതായാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കൊപ്പം താമസിക്കുകയും ശാരീരിക ബന്ധത്തില്‍
ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഫര്മാന് ഖാനെതിരേ ബലാത്സംഗ കുറ്റം, പോക്സോ നിയമത്തിലെ കടുത്ത വകുപ്പുകള്‍ എന്നിവ ചുമത്തേണ്ടി വരും. ഇവര്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയവരും ഇതോടെ ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതികളാകും.
കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന ഫര്മാന് ഖാന്റെ വെളിപ്പെടുത്തല്‍ അന്വേഷണ ഏജന്‍സികളെ കുഴപ്പിക്കുന്നുണ്ട്.
പെണ്‍കുട്ടിയെ അപായപ്പെടുത്തിയോ അതോ ഒളിവില്‍ താമസിപ്പിച്ചിരിക്കുകയാണോ എന്നതില്‍ വ്യക്തതയില്ല.
മധ്യപ്രദേശ് പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും, കുറ്റകൃത്യത്തിന്റെ വേരുകള്‍ കേരളത്തിലുള്ളതിനാല്‍ കേരള പോലീസിന്റെ സജീവ ഇടപെടല്‍ അനിവാര്യമാണ്. വിവരങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥക്കെതിരേയും നടപടിക്ക് സാധ്യതയുണ്ട്.






