
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. വിസി ഗവര്‍ണറെ സന്ദര്‍ശിച്ച് നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചതിന് പിന്നാലെയാണ് കര്‍ശന നിലപാടുമായി രാജ്ഭവന്‍ രംഗത്തെത്തിയത്.
അതിനിടെ, ആരോഗ്യ സര്‍വകലാശാല നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി നാളെ അഞ്ചരക്കണ്ടി കോളജിലെത്തി തെളിവെടുപ്പ് നടത്തും. വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തുന്നതിനായി സമിതി രണ്ടുദിവസം ക്യാമ്പസില്‍ തുടരും. ഇന്നലെ രാവിലെ നിതിന്‍ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷമാണ് വിസി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിസ്ഥാനത്ത് ആരായാലും ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ലെന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ കര്‍ശന നിര്‍ദേശം.
നിതിനെ ജാതീയമായി അധിക്ഷേപിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്‌തെന്ന പരാതിയില്‍ അധ്യാപകരായ ഡോ. റാം, ഡോ. സംഗീത എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ ഒളിവില്‍ കഴിയുന്ന ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതിപട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമവുമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ അന്വേഷണവിധേയമായി കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിന്‍ രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ നിതിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകര്‍ നിതിനെ നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നെന്നും ജാതീയമായി അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്.






