
കൊച്ചി: എസ്.ഡി.പി.ഐ പിന്തുണ എല്‍.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചതായി വിലയിരുത്തല്‍. പിന്തുണ ആവശ്യപ്പെട്ടവര്‍ക്കും സംഘടനയ്‌ക്കു താല്‍പര്യമുള്ള സ്‌ഥാനാര്‍ഥികള്‍ക്കുമാണ് എസ്.ഡി.പി.ഐ പിന്തുണ നല്‍കിയതെന്നാണു വിവരം.
തെരഞ്ഞെടുപ്പിനു മുമ്പ് ഏതെങ്കിലും മുന്നണിയില്‍ ഇടംപിടിക്കാന്‍ എസ്.ഡി.പി.ഐ. ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ചില നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ച ഫലം കാണാതെ വരികയായിരുന്നു. യു.ഡി.എഫില്‍ ചേരാന്‍ താല്‍പര്യമറിയിച്ചെങ്കിലും മുന്നണിനേതൃത്വം പച്ചക്കൊടി കാണിച്ചില്ല. പിന്തുണ ഔദ്യോഗികമായി സ്വീകരിക്കാന്‍ എല്‍.ഡി.എഫും തയാറായില്ല.
സ്വന്തം ചിഹ്‌നത്തില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന എസ്.ഡി.പി.ഐയുടെ ആവശ്യം യു.ഡി.എഫ്. നേതാക്കള്‍ നിരാകരിച്ചു. ഇതോടെ തങ്ങള്‍ ആവശ്യപ്പെടുന്നവരെ സ്‌ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണ നല്‍കാമെന്ന് ഇരുമുന്നണി നേതൃത്വങ്ങളെയും അവര്‍ അറിയിക്കുകയായിരുന്നു. വൈക്കത്ത് ഒരു സ്‌ഥാനാര്‍ഥിക്കു പിന്തുണ നല്‍കാന്‍ എസ്.ഡി.പി.ഐയ്‌ക്ക് താല്‍പര്യമായിരുന്നെന്നും കോണ്‍ഗ്രസ് നേതൃത്വം ഇതിനു സമ്മതിച്ചില്ലെന്നുമാണു കേള്‍വി. പൂഞ്ഞാറില്‍ മത്സരിച്ച ഒരു മുന്നണിയുടെ സ്‌ഥാനാര്‍ഥിക്ക് എസ്.ഡി.പി.ഐയുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തിന് എസ്.ഡി.പി.ഐ സഹായം ലഭിച്ചെന്നും വിവരമുണ്ട്. പി.സി. ജോര്‍ജാണ് ഇവിടത്തെ ബി.ജെ.പി. സ്‌ഥാനാര്‍ഥി.
സാഹചര്യങ്ങള്‍ ഇതായിരിക്കെ എസ്.ഡി.പി.ഐയുടെ പിന്തുണ എല്ലായിടത്തും എല്‍.ഡി.എഫിനു ലഭിച്ചിട്ടില്ലെന്നാണു വ്യക്‌തമാകുന്നത്. ചിലയിടങ്ങളില്‍ എസ്.ഡി.പി.ഐയുടെ സഹായം ലഭിച്ച ആത്മവിശ്വാസത്തിലാണ് സീറ്റ് തൊണ്ണുറിനപ്പുറം കടക്കുമെന്നു യു.ഡി.എഫ് ക്യാമ്പ് ആവര്‍ത്തിക്കുന്നത്.
എസ്.ഡി.പി.ഐയോടു പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനു പിന്നാലെ സി.പി.എം പ്രാദേശിക നേതൃത്വം പിന്തുണ തേടിയെന്ന് എസ്.ഡി.പി.ഐ. സംസ്‌ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് വെളിപ്പെടുത്തിയിരുന്നു.
നേമത്ത് എസ്.ഡി.പി.ഐക്കു നിര്‍ണായക വോട്ടുബാങ്കുണ്ട്. ഇവിടെ ബി.ജെ.പി.യെ പരാജയപ്പെടുത്താനാണ് എല്‍.ഡി.എഫിനു പിന്തുണ നല്‍കിയതെന്നാണ് എസ്.ഡി.പി.ഐ നേതാക്കളുടെ വാദം. എന്നാല്‍ എസ്.ഡി.പി.ഐയുടെ പരസ്യ പ്രഖ്യാപനം ന്യൂനപക്ഷ ഏകോപനത്തിന് ഇടയാക്കുമോയെന്ന ആശങ്ക ഇരുമുന്നണികള്‍ക്കുമുണ്ട്. എസ്.ഡി.പി.ഐ വിഷയം പ്രചാരണ ആയുധമാക്കിയതിനാല്‍ ഭൂരിപക്ഷവോട്ടുകളില്‍ ഇത്തവണ ഏകോപനമുണ്ടാകുമെന്ന് ബി.ജെ.പി.യും പ്രതീക്ഷിക്കുന്നു. എന്നാല്‍ മാറിമറിയുന്ന സാഹചര്യം വോട്ടര്‍മാരെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന കാര്യം പ്രവചനാതീതമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ജെബി പോള്‍






