ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിനുള്ള പ്രൈസ് മണി വര്‍ധിപ്പിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. 82 കോടി രൂപയാണ് ആകെ പ്രൈസ് മണിയായി ഐ.സി.സി. പ്രഖ്യാപിച്ചത്‌്. കഴിഞ്ഞ ലോകകപ്പിനെക്കാള്‍ 10 ശതമാനം വര്‍ധനയാണുണ്ടായത്. 12 ടീമുകളാണു ജൂണ്‍ 12 മുതല്‍ ജൂലൈ അഞ്ച് വരെ നടക്കുന്ന വനിതാ ലോകകപ്പില്‍ പങ്കെടുക്കുക.
2024 ലോകകപ്പില്‍ 10 ടീമുകളാണു കളിച്ചത്. ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇത്തവണ ഫൈനല്‍. യു.എ.ഇയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ആകെ 74 കോടി രൂപയായിരുന്നു പ്രൈസ് മണി.
ലോകകപ്പ് ജേതാക്കള്‍ക്ക് 21.8 കോടി രൂപയാണു സമ്മാനമായി ലഭിക്കുക. റണ്ണര്‍ അപ്പിന് 10 കോടി രൂപ ലഭിക്കും. സെമി ഫൈനലിസ്‌റ്റുകള്‍ക്ക് 6.29 കോടി രൂപയാണു ലഭിക്കുക. ഗ്രൂപ്പിലെ ഓരോ ജയത്തിനും ടീമുകള്‍ക്ക് 29 ലക്ഷം രൂപ വീതം ലഭിക്കും. ലോകകപ്പില്‍ കളിക്കുന്ന 12 ടീമുകളും ചുരുങ്ങിയത് 2.06 കോടി രൂപയെങ്കിലും സ്വന്തമാക്കുമെന്ന് ഐ.സി.സി. വ്യക്‌തമാക്കി.
ജൂണ്‍ 12 നു നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും. ബിര്‍മിങാമിലെ എഡ്‌ജ്ബാസ്‌റ്റണാണു വേദി. ഇന്ത്യയെയും ഇംഗ്ലണ്ടിനെയും കൂടാതെ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, ഹോളണ്ട്, ന്യൂസിലന്‍ഡ്, പാകിസ്‌താന്‍, സ്‌കോട്ട്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്‌റ്റിന്‍ഡീസ് എന്നിവര്‍ ലോകകപ്പില്‍ കളിക്കും. 24 ദിവസമായി നടക്കുന്ന ലോകകപ്പില്‍ ആകെ 33 മത്സരങ്ങളാണ്.




