
ദോഹ: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജാതി അധിക്ഷേപത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി നിധിൻ രാജിൻറെ മരണം അങ്ങേയറ്റം അപലപനീയമാണ്. യഥാർഥത്തിൽ ഈ മരണം കൊലപാതകം തന്നെയാണ്. ജാതി അധിക്ഷേപത്തിൻറെ പേരിൽ ഒരു വിദ്യാർത്ഥി മരണപ്പെടുക എന്നത് കേരളത്തിന്റെ മതേതര പ്രതിച്ഛായക്ക് കളങ്കമേല്പ്പിച്ചിരിക്കുന്നു. അത്യന്തം ദൗര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങൾ ഇടക്കിടെ ഉണ്ടാകുന്നത് ജാതി വേരുകൾ ഇപ്പോഴും കേരളീയ സമൂഹത്തിൽ നില നിൽക്കുന്നു എന്നതിൻറെ തെളിവാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ സർക്കാർ തയ്യാറാകണം. മരണത്തിൽ കുടുംബം ആരോപിക്കുന്ന ദുരൂഹതയും സമഗ്രമായി അന്വേഷിക്കണം. ഭരണകൂട സംവിധാനങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും ജാതി വ്യത്യാസങ്ങൾ നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിനു നാണക്കേടാണ്.
പ്രതികൾ സംരക്ഷിക്കപ്പെടുന്നതും നിയമത്തിൻറെ പഴുതുകളിലൂടെ രക്ഷപ്പെടുന്നതും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുണ്ട്. സമഗ്രമായ അന്വേഷണവും പഴുതടച്ച നിയമവുമാണ് അതിനുള്ള പോംവഴി. വിദ്യാഭ്യസ രംഗത്തെ ഇത്തരം പ്രവണതകൾ ഇല്ലാതാക്കാൻ രോഹിത് ആക്ട് നടപ്പിലാക്കണം. പുതു തലമുറക്ക് സ്വതന്ത്രമായി പഠിക്കാനും വളരാനുമുള്ള സാമൂഹിക സാഹചര്യം ഒരുക്കാൻ ഭരണകൂടങ്ങളും സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണം. ജാതി വിവേചനകൾക്കെതിരെ പോരാടാനും മതേതരത്വം ഊട്ടിയുറപ്പിക്കാനും പ്രവാസ സമൂഹങ്ങൾക്കിടയിൽ ചെയ്യാൻ സാധിക്കുന്ന പരമാവധി പ്രവർത്തനങ്ങൾ നടത്തുമെന്നും പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് പറഞ്ഞു.
ഷഫീക്ക് അറയ്ക്കൽ






