
ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന 'നാരി ശക്തി വന്ദൻ അധിനിയം' 2029-ലെ തിരഞ്ഞെടുപ്പ് മുതൽ നടപ്പിലാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. ഇതിനായി ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റ് പ്രത്യേകമായി സമ്മേളിക്കുന്നുണ്ട്. വനിത സംവരണ ബിൽ സർക്കാർ എംപിമാർക്ക് വിതരണം ചെയ്തു.
ഈ മാറ്റം വരുന്നതോടെ ലോക്‌സഭാ സീറ്റുകൾ 816 ആയി വർധിക്കുകയും അതിൽ 273 എണ്ണം സ്ത്രീകൾക്കായി നീക്കിവെക്കുകയും ചെയ്യും. മുൻപത്തെ നിയമമനുസരിച്ച് 2034-ൽ മാത്രമേ ഇത് നടപ്പിലാക്കാൻ സാധിക്കുമായിരുന്നുള്ളൂ എങ്കിൽ, പുതിയ ഭേദഗതിയിലൂടെ 2029-ൽ തന്നെ ഇത് സാധ്യമാകും. 2011-ലെ സെൻസസ് വിവരങ്ങൾ ഉപയോഗിച്ചുള്ള മണ്ഡല പുനർനിർണ്ണയമാണ് (Delimitation) ബില്ലിലൂടെ ലക്ഷ്യം വെക്കുന്നത്.
ഭരണഘടനയിലെ ആർട്ടിക്കിൾ 81 പരിഷ്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതനുസരിച്ച് ലോക്‌സഭയിൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം 815 ആയും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ളവരുടേത് 35 ആയും നിജപ്പെടുത്തും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ സ്ത്രീകൾക്കും ഈ മൂന്നിലൊന്ന് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്.
വനിതാ സംവരണം രാജ്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാൻ അത്യാവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ഈ ചരിത്രപരമായ നീക്കത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയ്ക്കണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
നാൽപ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സ്ത്രീകൾക്ക് അർഹമായ ഈ അവകാശം ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2029-ഓടെ ഇത് യാഥാർത്ഥ്യമാകുമെന്നും സ്ത്രീകളുടെ പങ്കാളിത്തം വികസിത ഭാരതമെന്ന ലക്ഷ്യത്തിന് വേഗത കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി, ജമ്മു കശ്മീർ, പുതുച്ചേരി നിയമസഭകളിൽ സംവരണം കൊണ്ടുവരാനുള്ള പ്രത്യേക ബില്ലുകളും ഇതോടൊപ്പം അവതരിപ്പിക്കും.






