
പട്‌ന: നിതീഷ്‌കുമാറിനെ ബിഹാര്‍ മുഖ്യമന്ത്രിസ്‌ഥാനത്തുനിന്ന് പുറത്താക്കുമെന്നു പ്രതിജ്‌ഞയെടുത്തയാള്‍ തന്നെ ഒടുവില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി.
1990-ല്‍ രാഷ്‌ട്രീയപ്രവര്‍ത്തനമാരംഭിച്ച സമ്രാട്ട് ചൗധരി, ആര്‍.ജെ.ഡിയിലും ജെ.ഡി.യുവിലും പ്രവര്‍ത്തിച്ച ശേഷം 2017-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നിതീഷ് കുമാറിന്റെ കടുത്ത വിമര്‍ശകനായിരുന്ന ചൗധരി, നിതീഷിനെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതുവരെ തന്റെ തലപ്പാവ് അഴിക്കില്ലെന്ന് 2022-ല്‍ പ്രതിജ്‌ഞ ചെയ്‌തിരുന്നു. എന്നാല്‍ 2024-ല്‍ ജെ.ഡി.യുവും ബി.ജെ.പിയും വീണ്ടും ഒന്നായതോടെ സാഹചര്യങ്ങള്‍ മാറി. നിതീഷ് വീണ്ടും ബി.ജെ.പി. സഖ്യത്തിലേക്കു മടങ്ങിവന്നതോടെ, ചൗധരി അയോധ്യയില്‍ പോയി ആ തലപ്പാവ് ശ്രീരാമന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുകയും തന്റെ പ്രതിജ്‌ഞ പൂര്‍ത്തിയായതായി പ്രഖ്യാപിക്കുകയും ചെയ്‌തു.
2025-ലെ തെരഞ്ഞെടുപ്പില്‍ താരാപ്പുരില്‍നിന്നു വിജയിച്ച സമ്രാട്ട് ചൗധരി, നിതീഷ്‌മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയുമായി. ഇപ്പോള്‍, നിതീഷിന്റെ പിന്‍ഗാമിയായി ബിഹാറിന്റെ നയിക്കാനുള്ള നിയോഗവും സമ്രാട്ടിന് ലഭിച്ചു.
1968 നവംബര്‍ 16-ന് മുംഗര്‍ ജില്ലയില്‍ ജനിച്ച സമ്രാട്ട് ചൗധരിക്ക് കരുത്താര്‍ന്ന രാഷ്‌ട്രീയ പാരമ്പര്യമാണുള്ളത്. അദ്ദേഹത്തിന്റെ പിതാവ് ശകുനി ചൗധരി എം.പിയായും താരാപ്പുര്‍ മണ്ഡലത്തില്‍നിന്ന് ആറ് തവണ എം.എല്‍.എയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമ്മ പാര്‍വതി ദേവിയും എം.എല്‍.എ. ആയിരുന്നിട്ടുണ്ട്. 1990-ല്‍ ആര്‍.ജെ.ഡിയിലൂടെയാണ് സമ്രാട്ടിന്റെ രാഷ്‌ട്രീയപ്രവേശം. 1999-ലെ ആര്‍.ജെ.ഡി. മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി. 2000-ല്‍ പര്‍ബട്ട മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം റാബ്‌റി ദേവി മന്ത്രിസഭയിലും അംഗമായി. 2014-ലെ ആര്‍.ജെ.ഡിയിലെ പിളര്‍പ്പിനു പിന്നിലെ സൂത്രധാരന്‍ സമ്രാട്ടായിരുന്നു. 2014-ല്‍ ജെ.ഡി.യുവില്‍ ചേര്‍ന്ന സമ്രാട്ട്, ജിതിന്‍ റാം മാഞ്ചി മന്ത്രിസഭയിലും അംഗമായി. തുടര്‍ന്ന് 2017-ലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേരുന്നത്. പാര്‍ട്ടി സംസ്‌ഥാന വൈസ് പ്രസിഡന്റായി നിയമിതനായ അദ്ദേഹം ബിഹാറില്‍ ബി.ജെ.പിയുടെ ശക്‌തനായ നേതാവായി വളര്‍ന്നു.
2020-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ താരപ്രചാരകനായിരുന്നു സമ്രാട്ട്. 2021-ല്‍ നിതീഷ്‌കുമാര്‍ മന്ത്രിസഭയില്‍ പഞ്ചായത്തിരാജ് മന്ത്രിയായി. 2023-ല്‍ സഞ്‌ജയ് ജയ്‌സ്വാളിനു പകരമായി ബിഹാര്‍ ഘടകം അധ്യക്ഷനായി സമ്രാട്ട് ചൗധരിയെ ബി.ജെ.പി. നിയോഗിച്ചു. നിതീഷ്‌കുമാര്‍ മന്ത്രിസഭയില്‍ കായികം, ധനം ഉള്‍പ്പെടെയുള്ള വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്‌തിട്ടുണ്ട്. 2025-ല്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയായും അദ്ദേഹം നിയോഗിക്കപ്പെട്ടു.
ജാതി സമവാക്യങ്ങള്‍ കൃത്യമായി പാലിക്കുന്ന ബി.ജെ.പി, ബിഹാറിലെ പ്രമുഖ പിന്നാക്ക വിഭാഗമായ കുശ്‌വാഹ സമുദായത്തെ ഒപ്പം നിര്‍ത്താനാണ് സമ്രാട്ട് ചൗധരിയെ പിന്തുണയ്‌ക്കുന്നതെന്നാണു രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. നിതീഷ് കുമാറിന്റെ കുര്‍മി വിഭാഗത്തിന് പകരമായി മറ്റൊരു ശക്‌തമായ വോട്ട് ബാങ്ക് സൃഷ്‌ടിക്കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്.
നിതീഷ് കുമാറിന്റെ വിരമിക്കലോടെ ജെ.ഡി.യുവില്‍ അദ്ദേഹത്തിനു പകരം നില്‍ക്കാന്‍ മറ്റൊരു നേതാവില്ലാത്ത അവസ്‌ഥയാണ്. ഇത് ബിഹാറില്‍ ബി.ജെ.പിയുടെ ആധിപത്യം വര്‍ധിപ്പിക്കാന്‍ കാരണമാകും. 2030-ലാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്. അതുവരെ ബിഹാറിനെ വികസനത്തിലേക്കും ബി.ജെ.പിയെ ജനപ്രിയമാക്കുന്നതിലേക്കും നയിക്കുക എന്ന വലിയ ദൗത്യമാണ് ചൗധരിക്കു മുന്നിലുള്ളത്.






