
മലയാളികളുടെ ആഘോഷങ്ങളില്‍ ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷു. രാവും പകലും തുല്യമായ ദിനത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശമാണ് വിഷു പകരുന്നത്. മേടമാസത്തിലെ ഒന്നാം തീയതിയാണ് ഐശ്വര്യത്തിന്റെ പ്രതീകമായ വിഷു ആഘോഷിക്കുന്നത്. അന്നേദിവസം ചെയ്ുന്ന യകാര്യങ്ങളുടെ ഫലങ്ങള്‍ വരാനിരിക്കുന്ന ഒരു വര്‍ഷക്കാലം മുഴുവന്‍ നിലനില്‍ക്കുമെന്നാണ് മലയാളികളുടെ വിശ്വാസം. പല ഐതിഹ്യങ്ങളും വിഷുവിന് പിന്നില്‍ ഉണ്ട്. ശ്രീകൃഷ്‌ണന്‍ നരകാസുരനെ വധിക്കച്ച ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ മേല്‍ രാമന്‍ നേടിയ വിജയം ആഘോഷിക്കുവാനാണ് വിഷു എന്നാണ് ഒരു ഐതിഹ്യം. മറ്റൊരു കഥ ഇങ്ങനെയാണ്:
തന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരനായി കൃഷ്‌ണനെ കണ്ട ഒരു കുട്ടിക്ക് കൃഷ്‌ണന്റെ ബാലരൂപം കാണണമെന്ന ആഗ്രഹത്തോടെ തപസ്സ് ചെയ്‌ത് കൃഷനെ വരുത്തി. സന്തോഷാധിക്യത്താല്‍ കണ്ണ് നിറഞ്ഞ ബാലനോട് എന്ത് വേണമെന്ന് ഭഗവാന്‍ ചോദിച്ചപ്പോള്‍, നിന്നെ കാണുന്നതിനേക്കാള്‍ വലിയ എന്ത് നിധിയാണ് എനിക്ക് ലഭിക്കാനുള്ളത് എന്നായിരുന്നു ആ കുഞ്ഞിന്റെ മറുപടി. തന്നോടുള്ള ബാലന്റെ നിസീമമായ അനുരാഗത്തില്‍ പ്രീതനായ കണ്ണന്‍, തന്റെ അരയില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ അരഞ്ഞാണം അഴിച്ച് ആ ബാലന് സമ്മാനമായി നല്‍കി.
തനിക്ക് ലഭിച്ച വലിയ നിധി ബാലന്‍ നാട്ടുകാരെയെല്ലാം കാണിച്ചെങ്കിലും ആരും അവനെ വിശ്വസിച്ചില്ല. അടുത്ത ദിവസം ക്ഷേത്രനട തുറന്നപ്പോള്‍ വിഗ്രഹത്തിലെ പൊന്നരഞ്ഞാണം കാണാനില്ലെന്ന വാര്‍ത്ത പരന്നു. നാട്ടുകാര്‍ ആ കുഞ്ഞിനെ കള്ളനെന്ന് മുദ്രകുത്തി അപമാനിക്കാന്‍ തുടങ്ങി. സ്വന്തം മകന്‍ മോഷ്‌ടാവെന്ന പഴി കേള്‍ക്കുന്നത് ആ അമ്മയ്‌ക്ക് സഹിക്കാനായില്ല. സങ്കടവും ദേഷ്യവും കൊണ്ട് അമ്മ മകനെ അടിക്കുകയും, അവന്‍ കയ്യില്‍ കരുതിയിരുന്ന സ്വര്‍ണ്ണച്ചങ്ങല വലിച്ചെറിയുകയും ചെയ്‌തു.
അമ്മ വലിച്ചെറിഞ്ഞ ആ സ്വര്‍ണ്ണച്ചങ്ങല അടുത്തുള്ളൊരു മരത്തില്‍ ചെന്നു തങ്ങി. ആ നിമിഷം തന്നെ ആ മരം മുഴുവന്‍ സ്വര്‍ണ്ണനിറത്തിലുള്ള മഞ്ഞപ്പൂക്കളാല്‍ നിറഞ്ഞു. ഭഗവാന്റെ സ്വര്‍ണ്ണ അരഞ്ഞാണം സ്‌പര്‍ശിച്ച ആ മരമാണ് പിന്നീട് കണിക്കൊന്ന എന്നറിയപ്പെടാന്‍ തുടങ്ങിയത്.
എന്‍.കെ ലക്ഷ്‌മി
കണ്ണൂര്‍



