
സമ്പന്നമായ കാര്‍ഷിക സംസ്‌കൃതിയുടെ ഗതകാലം നിറഞ്ഞുനില്‍ക്കുന്ന വയലേലകളും പൊന്നില്‍ കുളിച്ചു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും കേരളത്തിന്റെ ഒരു പരിചേ്‌ഛദമായിരുന്നു. വയലുകളില്‍ വിത്ത് വിതയ്‌ക്കലും, കളപറിക്കലും, നാട്ടിപ്പണിയും, കൊയ്‌ത്തുമെല്ലാം കൂട്ടായ്‌മയുടെ ഒരു ഉത്സവമായിരുന്നു. അതില്‍ ഭൂരിഭാഗവും സ്‌ത്രീ കൂട്ടായ്‌മയായിരുന്നു കാര്‍ഷിക സംസ്‌കൃതിയുമായി അഭേദ്യമായ ബന്ധമുണ്ട് വിഷുവിന്.
വിഷുവിലെ കണിക്കാഴ്‌ചയില്‍ ഒരുക്കുന്ന വിഭവങ്ങളെല്ലാം ഈ സംസ്‌കാരവുമായി ഇഴ ചേര്‍ന്ന് നില്‍ക്കുന്നു. വിളവെടുപ്പിന് ശേഷമാണ് വിഷു കടന്നുവരുന്നത്, അതുകൊണ്ടുതന്നെ വിളവെടുത്ത കാര്‍ഷികോല്‌പന്നങ്ങള്‍ എല്ലാം കണിയില്‍ ഒരുക്കുക എന്നതും മറ്റൊരു സവിശേഷതയാണ്.
വയലിലെ ജോലി ആയാസരഹിതമാക്കാന്‍ നാടന്‍ പാട്ടുകള്‍ക്ക് അക്കാലത്ത് വലിയ പ്രാധാന്യമുണ്ടായിരുന്നു. അത്തരത്തില്‍ വയല്‍ ജോലികള്‍ ചെയ്ുയന്നതിനിടെ സ്‌ത്രീകള്‍ കൂട്ടമായി പാടുന്ന പാട്ടാണ് നാട്ടിപ്പാട്ട്.പുരാണകഥകളിലെയും വടക്കന്‍ കഥകളിലെയും നായികാനായകന്‍ മാരെ വര്‍ണിച്ചു കൊണ്ടായിരുന്നു ഈ പാട്ടിലെ മിക്ക വരികളും. ഒരാള്‍ പാടുമ്പോള്‍ മറ്റുള്ളവര്‍ അത് ഏറ്റുപാടുന്നു. മണിക്കൂറുകളോളം നീളുന്ന ഈ പാട്ട് കേട്ടിരിക്കാന്‍ വയല്‍ വരമ്പിലും ഉണ്ടാകും ധാരാളം പേര്‍.
ഇന്ന് നെല്‍കൃഷി നമ്മുടെ ഗ്രാമങ്ങളില്‍ നിന്നുപോലും അന്യം നിന്ന് പോകുന്ന സ്‌ഥിതിയാണ്. വയലുകളെല്ലാം നികത്തിക്കഴിഞ്ഞു. അവിടെ മണിമാളികകള്‍ ഉയര്‍ന്നുവന്നു. എങ്കിലും ആ പഴയ സംസ്‌കൃതിയെ മനസില്‍ താലോലിച്ചു നിര്‍ത്തുന്ന നിരവധി ആളുകള്‍ ഉണ്ട്. ഇപ്പോഴും ഇതിനെ ചേര്‍ത്ത് നിര്‍ത്തികൂടെ കൊണ്ട് നടുക്കുന്ന ഒരു സംഘം കതിരൂരില്‍ ഉണ്ട്. കതിരൂര്‍ പുല്ല്യോട്ടെ പുളുക്കൂല്‍ ലക്ഷ്‌മി, വടക്കുംമ്പാട്ടെ പനോളി ശാന്ത, വടക്കുമ്പാട് എസ് എന്‍ പുരത്തെ പഞ്ചാര ചന്ദ്രി, പുല്ല്യോടെ വാഴയില്‍ പനോളി ലക്ഷ്‌മി എന്നിവരാണ് ആ സംഘത്തില്‍ ഉള്ളത് ഇതിന് നേത്യത്വം നല്‍കുന്നത് നാടന്‍ കലാകാരനായ കുട്ടാപ്പുവാണ്. ഒരു കാലത്ത് കല്ല്യാണ വിടുകളില്‍ തേങ്ങ അരക്കുമ്പോള്‍ പാടിയ തച്ചോളിപ്പാട്ട്, നാട്യപ്പാട്ട് തുടങ്ങിയ നാടന്‍ പാട്ടുകള്‍ ഇപ്പോഴും ഈ സംഘം ഗൃഹാതുരത്വം തുടിക്കുന്ന ഓര്‍മ്മകള്‍ ഹൃദയത്തിലേറ്റി പാടി കൊണ്ടിരിക്കയാണ്.നിരവധി പുരസ്‌കാരങ്ങളും ആദരവും ഈ സംഘം കരസ്‌ഥമാക്കിയിട്ടുണ്ട്.
നാടന്‍ പാട്ടുകള്‍ പാടുന്ന ഈ സംഘം പല ഇടങ്ങളിലും പരിപാടികള്‍ അവതരിപ്പിക്കാറുണ്ടെന്ന് നാടന്‍ കലാകാരന്‍ കുട്ടാപ്പുപറഞ്ഞു.ചെറിയ പ്രായത്തില്‍ തന്നെ വയലില്‍ എത്തി ഞാറ് നടുമ്പോള്‍ മറ്റുള്ളവര്‍ പാടുന്നത് കേട്ട് പഠിച്ചതാണ് നാട്ടിപ്പാട്ടെന്ന് പനോളി ശാന്ത പറഞ്ഞു.
എന്‍. പ്രശാന്ത്
തലശേരി



