
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ല് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍വ്വകക്ഷിയോഗം വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. എല്ലാവരുമായി കൂടിയാലോചിക്കാതെയാണ് ബില്ല് നടപ്പിലാക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ഖര്‍ഗെ, അതുകൊണ്ടാണ് ഇന്ന് തന്നെ യോഗം കൂടാന്‍ നിര്‍ദേശിച്ചത്. നിയമനിര്‍മ്മാണത്തെ പാര്‍ട്ടി പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യവ്യാപകമായി നടപ്പിലാക്കുമ്പോള്‍ അതില്‍ വിശാലമായ ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'കേന്ദ്രം ഒരു സര്‍വ്വകക്ഷിയോഗം വിളിക്കുകയും ചര്‍ച്ചകള്‍ക്ക് ഇടം ഒരുക്കുകയും ചെയ്താല്‍ ഞങ്ങള്‍ പങ്കെടുക്കുകയും നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്യും. എന്നാല്‍ കേന്ദ്രം ഒരു സര്‍വ്വകക്ഷി യോഗത്തിന് തയ്യാറാകുന്നില്ല. അതുകൊണ്ടാണ് പ്രതിപക്ഷം ഇന്ന് ഒരുസര്‍വ്വകക്ഷി യോഗം വിളിച്ചത്. യോഗതീരുമാനം അറിയിക്കാം', ഖര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളാരും വനിതാ സംവരണ നിയമത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ ഇതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണം ഇതിനകം തന്നെ കോണ്‍ഗ്രസ് നടപ്പിലാക്കിയിട്ടുണ്ട്. എങ്കിലും ഇത്രയും വലിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രാജ്യത്ത് കൂട്ടായ ആലോചന ആവശ്യമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
കഴിഞ്ഞ ദിവസം അംബേദ്കര്‍ ജയന്തി പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന കൂടിക്കാഴ്ചയില്‍ ബില്ലിന് പൂര്‍ണ പിന്തുണ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഖര്‍ഗെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയിലും സഖ്യത്തിലും ചര്‍ച്ച ചെയ്തശേഷം മാത്രമേ നിലപാടെടുക്കൂ എന്നായിരുന്നു ഖര്‍ഗെയുടെ മറുപടി. അതേസമയം, വനിതാ സംവരണം നടപ്പാക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സ്ത്രീശക്തിയെ അഭിസംബോധന ചെയ്ത കത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.






