
വൈക്കം : മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോല്‍സവവും , എരിതേങ്ങ സമര്‍പ്പണവും , അരിയേറും ഇന്ന് ആഘോഷിക്കും.
വെളുപ്പിന് 4.30 ന് വിഷുക്കണി ദര്‍ശനത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ രാത്രി 12 ന് നടക്കുന്ന അരിയേറോടെ സമാപിക്കും. അരിയേറു നടത്തുന്നതോടെ നടയടക്കുകയും കാവിലമ്മ കണ്ണകി ദേവിയായി പാണ്ഡ്യദേശത്ത് ഭര്‍ത്താവായ കോവിലന്റെ സമീപത്തേക്ക് പോകുന്നതായും ഐതിഹ്യം. ഈ സമയം മധുരാപുരിയില്‍ മലയാളത്തമ്മയെ വരവേല്‍ക്കുന്ന ചടങ്ങും ഉണ്ട്. മൂന്നു മാസങ്ങള്‍ക്ക് ശേഷം കണ്ണകി ദേവി, കാവിലമ്മയായി മടങ്ങിയെത്തുന്നതോടെ പൂജാദി കര്‍മ്മങ്ങളും ദര്‍ശനവും പുനരാരംഭിക്കും.
പ്രതിഷ്‌ഠാ മാഹാത്മ്യം
പൗരാണികമായി ചിലപ്പതികാരത്തിലെ കണ്ണകി ദേവിയായും വൈദികപരമായി ശ്രീ പരമേശ്വരന്റെ പുത്രി ഭാവത്തിലുമാണ് മൂത്തേടത്ത് കാവിലെ പ്രതിഷ്‌ഠാ സങ്കല്‌പം. വര്‍ഷത്തില്‍ ഒന്‍പത് മാസം മാത്രം പൂജാദി കര്‍മ്മങ്ങള്‍ നടക്കുന്ന സവിശേഷതയും ക്ഷേത്രത്തിന്റ പ്രത്യേകതയാണ്.
വിഷുക്കണി ദര്‍ശനം
വിഷു ദിനമായ ഏപ്രില്‍ 15 ന് രാവിലെ 4.30 ന് വിഷുക്കണി ദര്‍ശനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ചടങ്ങിന് തന്ത്രി മോനാട്ട് മന കൃഷ്‌ണന്‍ നമ്പൂതിരി, മേല്‍ശാന്തി ജയചന്ദ്രന്‍ പോറ്റി ഊരായ്‌മക്കാരായ ആനത്താനത്ത് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി മന നീല കണ്‌ഠന്‍ നമ്പൂതിരി, മുരിഞ്ഞൂര്‍ മന വിഷ്‌ണു നമ്പൂതിരി, ക്ഷേത്ര കാര്യദര്‍ശി ഹരിഹരന്‍ നമ്പൂതിരി, എന്നിവര്‍ നേതൃത്വം നല്‌കും.
കളമഴുത്ത് ആരംഭം
രാവിലെ 6.30 ന് കളം പൂജയും കളം എഴുത്തും ആരംഭിക്കും. തലയാഴം തെക്കേടത്ത് ശശിധര ശര്‍മ ആചാര്യനാകും. നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തായി വേതാളത്തിന്റ പുറത്തിരിക്കുന്ന ദേവിയുടെ കളമാണ് എഴുതുന്നത്. കളംപൂര്‍ത്തിയാകുന്നതോടെ അനുഷ്‌ഠാന വാദ്യങ്ങളോടെ തോറ്റംപ്പാട്ട് ആരംഭിക്കും. കളത്തില്‍ വച്ചൊരുക്കിന് ശേഷം കളം പൂജയും തിരിയുഴിച്ചിലും നടത്തും.
കളംപാട്ട്, തോറ്റംപാട്ട്, വില്‍പ്പാട്ട്
രാവിലെ 8നും വൈകിട്ട് 7നും തോറ്റംപാട്ട്, വൈകിട്ട് 5.30 ന് മുത്താരമ്മന്‍ കാവ് സംഘം അവതരിപ്പിക്കുന്ന വില്‍പാട്ട്, രാത്രി 12 ന് ശശിധര ശര്‍മ്മയും സംഘവും നയിക്കുന്ന കളംപാട്ട് എന്നിവ നടക്കും.
എരിതേങ്ങയില്‍
അഗ്നി പകരുന്നു
ദീപാരാധനക്കു ശേഷം 7-30 ന് അത്താഴ പൂജക്ക് അരിയളക്കുന്നതോടെ മേല്‍ശാന്തി രണ്ടായി പകുത്ത നാളികേരത്തില്‍ ദീപം തെളിയിച്ച് ക്ഷേത്രത്തിന് മുന്‍വശം കൊടിമരച്ചുവട്ടില്‍ കൂട്ടിയിരിക്കുന്ന എരിതേങ്ങയ്‌ക്ക് അഗ്നി പകരും.
ഭക്‌തര്‍ വഴിപാടായി സമര്‍പ്പിച്ച നാളികേരം അഗ്നിയില്‍ എരിഞ്ഞമരും. മധുരാപുരി കത്തിയമരുന്നതിന്റെ പ്രതീകമായാണ് എരി തേങ്ങ സമര്‍പ്പണം.
വലിയ ഗുരുതി,
എരിതേങ്ങ സമര്‍പ്പണം
വലിയ ഗുരുതിയുടെ നടപ്പണം സമര്‍പ്പിക്കല്‍ വൈകിട്ട് 5 നാണ്.
തെക്കു പുറത്ത് കൊടും കാളിക്ക് രാത്രി 9.30ന് വലിയ ഗുരുതി നടത്തി ചെമ്പ് കമഴ്‌ത്തി ശേഷം മേല്‍ശാന്തി തീര്‍ത്ഥജലം തളിക്കുന്നതോടെ എരി തേങ്ങ സമര്‍പ്പണം പൂര്‍ത്തിയാകും. 1000 കണക്കിന് നാളികേരം അഗ്നിയില്‍ എരിഞ്ഞമരും .
വലിയ തീയാട്ട്, അരിയേറ്
രാത്രി 12 ന് ശേഷം തീയാട്ട് ഉണ്ണി നാലമ്പലത്തില്‍ എഴുതിയ ദേവിയുടെ കളം മായ്‌ക്കു ന്നു. പ്രചണ്ഡമായ പറ താളവും വെച്ചൂര്‍ രാജേഷിന്റെ നേതൃത്വത്തില്‍ വിവിധ വാദ്യ മേളവും സ്‌തുതി ഗീതങ്ങളും ഉച്ചസ്‌ഥായിലാകുമ്പോള്‍ ചടുലമായ നൃത്തചുവടുകളുമായി ഭയാനകമായ വീരഭാവത്തില്‍ കൈയ്യില്‍ കടുത്തിലയുമായി ഉറഞ്ഞാടുന്ന തിയാട്ടുണ്ണി ക്ഷേത്രത്തിന് വലം വച്ച് ശ്രികോവിലിലേക്ക് അരിയേറ് നടത്തുന്നതോടെ ക്ഷേത്ര നട അടയും തുടര്‍ന്ന് മുന്നു മാസം ക്ഷേത്രത്തില്‍ പൂജാദി ചടങ്ങുകളോ, ദര്‍ശനമോ ഉണ്ടായിരിക്കില്ല.
താലപ്പൊലി, എതിരേല്‍പ്പ്, ഗരുഡന്‍ തൂക്കം
വിഷുഉത്സവത്തിന് മുന്നോടിയായി വിവിധ സമാജങ്ങള്‍ നടത്തിവന്ന താലപ്പൊലി,എന്‍. എസ് . എസ്. കരയോഗങ്ങളുടെ എതിരേല്‍പ്പ് താലപ്പൊലി, ഗരുഡന്‍ തൂക്കം, കെ.പി എം എസിന്റെ താലപൊലി എന്നിവ സമാപിച്ചു.



