
കോട്ടയം: പൊള്ളുന്ന പകല്‍ച്ചൂടിനൊപ്പം പൊള്ളി വീണു കന്നുകാലികള്‍, മുട്ട ഉത്‌പാദനം കുറഞ്ഞു കോഴികളും താറാവുകളും.
പലയിടങ്ങളിലും കനത്ത ചൂടില്‍ കന്നുകാലികള്‍ ചത്തുവീഴുന്നതായി കര്‍ഷകര്‍ പറയുന്നു. രണ്ടു മാസമായി തുടരുന്ന കനത്ത ചൂടിനാല്‍ പാലുത്‌പാദനം കുറഞ്ഞതിനു പിന്നാലെയാണ് ചൂട് വീഴ്‌ച ആരംഭിച്ചിരിക്കുന്നത്.
അത്യുത്‌പാദന ശേഷിയിലുള്ള കന്നുകാലിള്‍ക്കാണ് ചൂടില്‍ തളര്‍ച്ചയേറെയെന്നു കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം കടുത്തുരുത്തിയില്‍, പ്രസവിച്ച പശു ചൂടു സഹിക്കാനാകാതെ ചത്തുവീണിരുന്നു. കഴിഞ്ഞ സീസണില്‍ മുപ്പതു ലിറ്ററിനു മുകളില്‍ പാല്‍ ലഭിച്ച പശുവാണ് ചത്തത്. നിരവധിയിടങ്ങളില്‍ പ്രസവിക്കാറായ കന്നുകാലികള്‍ ഉള്‍പ്പെടെ തളര്‍ന്നു വീഴുന്നുണ്ട്. വേനല്‍ക്കാലത്തു മിക്ക കര്‍ഷകരും കൈതപ്പോളയും വൈക്കോലുമാണ് തീറ്റയായി നല്‍കുന്നത്. പച്ചപ്പുല്ലിനെ അപേക്ഷിച്ച്, കൈതപ്പോളയിലും വൈക്കോലിലും ജലാംശം കുറവാണ്. തീറ്റയ്‌ക്കൊപ്പം കൂടുതല്‍ വെള്ളവും നല്‍കിയില്ലെങ്കില്‍ തളര്‍ച്ചയും വീഴ്‌ചയുമുണ്ടാകുമെന്നു മൃഗഡോക്‌ടര്‍മാര്‍ പറയുന്നു. കന്നുകാലികള്‍ക്കു നല്‍കുന്ന കാലിത്തീറ്റയും ചൂട് വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. പലവിധ കാരണങ്ങളാല്‍ പ്രതിസന്ധിയിലായ ക്ഷീരകര്‍ഷക്കാണ് തിരിച്ചടി.പാല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതും കര്‍ഷകര്‍ക്കു വന്‍ നഷ്‌ടമാണു സമ്മാനിക്കുന്നത്. ചൂട് വര്‍ധിച്ചതോടെ, കോഴികളുടെ മുട്ട ഉത്‌പാദനവും കുറഞ്ഞതായി കര്‍ഷകര്‍ക്കു പരാതിയുണ്ട്. മുന്‍ മാസങ്ങളില്‍ ലഭിച്ചതിന്റെ പകുതി മുട്ട പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. തീറ്റയും വെള്ളവും ആവശ്യാനുസരണം നല്‍കിയിട്ടും മുട്ട ഉത്‌പാദനത്തില്‍ കുറവു വന്നത് കര്‍ഷകരെ നിരാശരാക്കിയിട്ടുണ്ട്. താറാവു കര്‍ഷകരും സമാന ദുരിതത്തിലാണ്.



