
കോട്ടയം: കുറിച്ചി കക്കൂഴി ആലപ്പാട്ടുചാല്‍ പാടശേഖരത്തെ നെല്ലെടുക്കുന്ന കാര്യത്തില്‍ തീരുമാനം ആകാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷകസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിഷുദിനത്തില്‍ ഉപവസിക്കും. രാവിലെ പത്തുമുതല്‍ മന്ദിരം കവലയിലാണ് ഉപവാസം. 40 ഏക്കര്‍ വരുന്ന പാടശേഖരത്ത് കൊയ്‌ത്ത് കഴിഞ്ഞിട്ട് 22 ദിവസമായി. ഇതുവരെ നെല്ല് സംഭരണം ആരംഭിച്ചിട്ടില്ല. മില്ലുടമകള്‍ 10 ശതമാനം കിഴിവ് ആവശ്യപ്പെട്ടതാണ് സംഭരണം പ്രതിസന്ധിക്കു കാരണം.
കഴിഞ്ഞ ദിവസം പാഡി ഓഫിസില്‍ കര്‍ഷകര്‍ ഇതേച്ചൊല്ലി സമരം നടത്തിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്‌ച തീരുമാനം ഉണ്ടാക്കാമെന്ന പാഡി ഓഫിസറുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പാഡി ഓഫിസറുടെ ചര്‍ച്ചയിലും തീരുമാനം ആവാത്ത സാഹചര്യത്തിലാണ് ഉപവാസം അനുഷ്‌ഠിക്കുന്നത്.
തിരൂവാര്‍പ്പ് ഒമ്പതിനായിരം പാടശേഖരത്തില്‍ കൊയ്‌ത്ത് കഴിഞ്ഞിട്ട് 15 ദിവസം കഴിഞ്ഞു. കര്‍ഷകര്‍ നെല്ലുടമകളുടെ കാലുപിടിച്ച് കഴിഞ്ഞ ദിവസം സംഭരണം തുടങ്ങി. പക്ഷേ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചിലയിടങ്ങളില്‍ മഴ നനഞ്ഞ നെല്ല് മുളച്ചു പൊങ്ങി. 1500 ഏക്കറാണ് ഇവിടെ കൃഷി. വമ്പന്‍ പാടശേഖരമായതിനാല്‍ നെല്ല് ലോറിയില്‍ എത്തിക്കുക ശ്രമകരമായ ജോലിയാണ്. പകല്‍ പൊള്ളുന്ന വെയിലിലും തൊഴിലാളികള്‍ പാടത്തു കൂടി നെല്ല് ചുമക്കുകയാണ്. ദൂരെയുള്ള പാടത്തു നിന്നും കരയ്‌ക്കു നെല്ല് എത്തിക്കാന്‍ യന്ത്രം ഉടമകള്‍ വാങ്ങുന്നത് മണിക്കൂറിന് 2000 രൂപയാണ്.
അയ്‌മനം ചീപ്പുങ്കല്‍ 600ല്‍ പാടശേഖരത്തില്‍ ഒരുമാസമായി കൊയ്‌തു കൂട്ടിയ നെല്ല് കൊടും ചൂടിലും മഴയിലും നശിക്കുകയാണ്. 23 കിലോ തൂക്കത്തില്‍ കിഴിവ് വേണമെന്ന് പാഡി മാര്‍ക്കറ്റിങ്ങ് ഓഫീസറുടെ പിടിവാശിയാണ് നെല്ലു സംഭരണം വൈകുന്നേതിനു കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
പതിര് അധികമാണെന്ന ഉദ്യോഗസ്‌ഥരുടെ വാദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പതിര് യന്ത്രസഹായത്താല്‍ വേര്‍തിരിച്ചെടുക്കുകയാണ് കര്‍ഷകര്‍. നെല്ലു സംഭരണത്തിലെ ഒത്തുകളി മൂലം ജില്ലയില്‍ ചെറുകിട കര്‍ഷകരുടെ നെല്ല് സംഭരിക്കാതെ പാട വരമ്പത്ത് കിടക്കുകയാണെന്നു കര്‍ഷകര്‍ പറയുന്നു.



