
കോട്ടയം: ഏതാനും ദിവസങ്ങളായി ചൂട് 37 ഡിഗ്രിയ്‌ക്കു മുകളില്‍, തിങ്കള്‍ പകല്‍ രേഖപ്പെടുത്തിയത് 37.8 ഡിഗ്രി, അനുഭവപ്പെടുന്നത് 40 ഡിഗ്രിയ്‌ക്കു മുകളിലെ അവസ്‌ഥ. പുനലൂരും പാലക്കാടും കഴിഞ്ഞാല്‍ പല ദിവസങ്ങളും കോട്ടയമാണ് ചൂടില്‍ മുന്നില്‍. അള്‍ട്ടാ വയലറ്റ് വികിരണത്തോതിലും ജില്ല മുന്നിലായതിനാല്‍ സൂര്യാതപം ഉള്‍പ്പെടെയുള്ള ഭീഷണികളും നിലനില്‍ക്കുകയാണ്. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയുള്ള വെയില്‍ ഒഴിവാക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
എന്നാല്‍, മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ചു ജോലി ചെയ്യേണ്ട നിരവധിയാളുകളുണ്ട്. ഇവര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളൊന്നും പാലിക്കാന്‍ യാതൊരു മാര്‍ഗവുമില്ല, കാരണം ജോലിയുടെ സ്വഭാവം അങ്ങനെയാണ്. ട്രാഫിക് പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്‌ഥരും നിര്‍മ്മാണ തൊഴിലാളികളും ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ളവരുടേതാണീ പൊള്ളുന്ന അവസ്‌ഥ. വിഷു ദിനത്തില്‍ മറ്റ് മേഖലകള്‍ക്ക് അവധിയാണെങ്കിലും ഇക്കൂട്ടരില്‍ പലര്‍ക്കും വെയില്‍ മുഴുവന്‍ കൊള്ളേണ്ടി വരും. തുടര്‍ച്ചയായ ഡ്യൂട്ടി മൂലം ട്രാഫിക് പൊലീസുകാര്‍ക്കും ഹോംഗാര്‍ഡുകളുടേയും കൈകളുടെ നിറം മാറി.
യൂണിഫോമിന്റെ താഴേയ്‌ക്ക് വെയിലുകൊണ്ട കരുവാളിപ്പും യൂണിഫോമുള്ള ഭാഗത്ത് സ്വാഭാവിക നിറവും. രാവിലെ എട്ടരയോടെ വെയില്‍ തുടങ്ങും. 4.30വരെ അവസ്‌ഥ പരിതാപകരം. പരമാവധി മൂന്ന് മണിക്കൂറാണ് തുടര്‍ച്ചയായി ജോലി ചെയ്യേണ്ടത്. പലരും ഇതിനിടെ തളരും. സഹപ്രവര്‍ത്തകര്‍ ആവശ്യത്തിന് വെള്ളമെത്തിച്ച് നല്‍കി സഹായിക്കുമെങ്കിലും താങ്ങാനാവാത്ത ചൂടാണെന്ന് ഉദ്യോഗസ്‌ഥര്‍ പറയുന്നു.
ചൂടിനെ തടയുന്ന സണ്‍സ്‌ക്രീനുകള്‍ക്കും സണ്‍?ാസുകള്‍ക്കും ഡിമാന്‍ഡ് കൂടി. ബൈക്ക് യാത്രക്കാരേറെയും പരിധിവരെ സണ്‍സ്‌ക്രീന്‍ പുരട്ടിയും ?ാസ് ധരിച്ചുമാണ് ചൂടിനെ പ്രതിരോധിക്കുന്നത്. കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് ഉച്ചയ്‌ക്ക് 12നു ശേഷം തുറസായ സ്‌ഥലത്തെ ജോലി ഒഴിവാക്കിയിട്ടുണ്ടെങ്കിലും നടപ്പാകാറില്ല. ചൂടില്‍ വൈദ്യുതി ഉപയോഗം കൂടിയതിനാല്‍ വൈദ്യുത തകരാര്‍ പതിവായിരിക്കുകയാണ്. പട്ടെന്നുതന്നെ ഇവ ശരിയാക്കിയില്ലെങ്കില്‍ പരാതികള്‍ വര്‍ധിക്കും. പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഏറെയും കരാര്‍ ജീവനക്കാരാണ്. ഇതിനിടെ ധാരാളം വെള്ളം കുടിക്കുന്നതു മാത്രമാണ് ആശ്വാസം. തൊഴിലാളികളും ദുരിതത്തിലാണ്‌്. കോണ്‍ക്രീറ്റിന്റെയും ടാറിന്റെയുമൊക്കെ ചൂട് കൂടിയാവുമ്പോള്‍ പൊള്ളിപ്പൊളിയും. ചൂടിന്റെ പേരില്‍ മാറി നിന്നാല്‍ പണി ഇഴയുമെന്നതാണ് പ്രധാന വെല്ലുവിളി.
വലിയ നിര്‍മാണ സൈറ്റുകളില്‍ അതിരാവിലെ ജോലി തുടങ്ങി ശേഷം അവസാനിപ്പിച്ച് വൈകിട്ടോടെ വീണ്ടും തുടങ്ങുന്ന ബദല്‍ സംവിധാനവും ആലോചിക്കുന്നുണ്ട്. ശുചീകരണ തൊഴിലാളികള്‍ രാവിലെ ജോലി തുടങ്ങുമ്പോള്‍ വെയിലില്ലെങ്കിലും അവസാനിപ്പിക്കുമ്പോഴേയ്‌ക്കും പൊരിഞ്ഞ ചൂടാവും.



