
ദോഹ: നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികൾക്കെതിരെ നടപടി കടുപ്പിച്ച് ഖത്തർ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി. കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ ട്രാവൽ, എയർ ഫ്രൈറ്റ് ഓഫീസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഇതേത്തുടർന്ന് കുറ്റക്കാരെന്ന് കണ്ട സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ഓഫീസുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകുകയും ചെയ്തു.നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങളെ ഔദ്യോഗിക റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്തു.
നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് പല സ്ഥാപനങ്ങൾക്കും വൻതുക പിഴ ചുമത്തുകയും പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, വ്യോമഗതാഗത മേഖലയിൽ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യങ്ങൾ.വരും ദിവസങ്ങളിലും മുൻകൂട്ടി അറിയിക്കാതെ മിന്നൽ പരിശോധനകൾ തുടരുമെന്ന് എയർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.ട്രാവൽ ഏജൻസികൾ നിലവിലുള്ള ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും വീഴ്ചകൾ കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾ അംഗീകൃത ഏജൻസികൾ വഴി മാത്രം ഇടപാടുകൾ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു.
ഷഫീക്ക് അറയ്ക്കൽ






