ദോഹ: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെലിഫോണിൽ ചർച്ച നടത്തി. ആഗോള ഊർജവിപണിയുടെ സുരക്ഷിതത്വവും മേഖലയിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളുമാണ് സംഭാഷണത്തിൽ പ്രധാനമായും ഉയർന്നുവന്നത്.ആഗോള ഊർജ വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിൽ ഖത്തർ എന്നും വിശ്വസ്ത പങ്കാളിയായിരിക്കുമെന്ന് അമീർ വ്യക്തമാക്കി. രാജ്യാന്തര പങ്കാളികളോടുള്ള പ്രതിബദ്ധത ഖത്തർ തുടരുമെന്നും അദ്ദേഹം പ്രസിഡന്റ് ട്രംപിനെ അറിയിച്ചു.മേഖലയിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ പരിഹരിക്കാൻ സൈനിക നീക്കങ്ങൾ ഒഴിവാക്കി നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് അമീർ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശ്രമങ്ങൾ ആവശ്യമാണെന്നും അമീർ ചൂണ്ടിക്കാട്ടി.
വിവിധ പ്രാദേശിക വിഷയങ്ങളിൽ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെയും സമാധാന ദൗത്യങ്ങളെയും അമേരിക്കൻ പ്രസിഡന്റ് അഭിനന്ദിച്ചു. ഊർജ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഖത്തറുമായുള്ള സഹകരണം ശക്തമായി തുടരുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു.
മേഖലയിലെയും ലോകത്തെയും സുരക്ഷയും സമാധാനവും നിലനിർത്താൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം തുടരാൻ ചർച്ചയിൽ ധാരണയായി.
ഷഫീക്ക് അറയ്ക്കൽ






