
എങ്ങും എവിടെയും സംസാരവിഷയം ‘വാഴ 2’ എന്ന സിനിമയാണ്. കൗമാര പ്രശ്നങ്ങൾ, സൗഹൃദം, സഹോദര്യം, പ്രണയം, പേരന്റിങ്, അധ്യാപനം, അന്ധവിശ്വാസങ്ങൾ, ലഹരി ഉപഭോഗം, വിദേശ രാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാർഥികളുടെ കുടിയേറ്റവും പ്രശ്നങ്ങളും എന്നിങ്ങനെ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന ഒട്ടുമുക്കാല്‍ പ്രശ്നങ്ങളും ഈ സിനിമ സംസാരിക്കുന്നുണ്ട്. തുടക്കം ഹ്യൂമറിലാണെങ്കില് ഓരോ സീന്‍ കഴിയുന്തോറും സിനിമ സീരിയസ്സായി ഇമോഷണല്‍ ഡ്രാമയിലേക്ക് എത്തുന്നു. സിനിമ കണ്ട് ഒരല്പമെങ്കിലും കണ്ണു നിറയ്ക്കാത്ത പ്രേക്ഷകരില്ലെന്ന് തന്നെ പറയാം.
സോഷ്യല്‍ മീഡിയയിലൂടെ കഴിവ് തെളിയിച്ച യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയ ഈ സിനിമയിലെ അവരുടെ മികച്ച പ്രകടനം വാക്കുകള്‍ക്കതീതമാണ്. പ്രേക്ഷകര്‍ അവരെ സ്വീകരിച്ചതു തന്നെയാണ് ഈ സിനിമ വെറും ഏഴ് ദിവസം കൊണ്ട് 100 കോടി രൂപ കളക്ഷൻ നേടിയെടുക്കാനുള്ള കാരണം. മികച്ച പ്രതികരണം നേടി ഇപ്പോഴും സിനിമ തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്. ഇതിനിടെ ഇക്കഴിഞ്ഞ ദിവസം ഈ സിനിമയുടെ മൂന്നാം ഭാഗമെത്തുന്നുവെന്ന് തിരക്കഥാകൃത്തായ വിപിൻദാസ് പങ്കിട്ടിരുന്നു. ‘വാഴ 3 - ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’ ആണെന്ന് വിപിന്‍ദാസ് കുറിച്ചിരുന്നു.
ഇപ്പോഴിതാ സിനിമയുടെ കോണ്‍സെപ്റ്റ് പോസ്റ്റര്‍ പങ്കിടുകയാണ് അണിയറപ്രവര്‍ത്തകര്‍. എക്കാലത്തേക്കാളും ഉച്ചത്തില്‍ പറയാത്തത് മന്ത്രിക്കുകയാണ് വാഴ 3 എന്നാണ് പോസ്റ്ററില്‍ കൂടി വ്യക്തമാകുന്നത്.
‘‘ഓരോ പെൺകുട്ടിയും പൂക്കാൻ കാത്തിരിക്കുന്ന ഒരു കഥയായിരിക്കുന്ന ഒരു ലോകത്ത്, വാഴ 3- പറയാത്തത് മന്ത്രിക്കുന്നു...എക്കാലത്തേക്കാളും ഉച്ചത്തിൽ.
ഒരു ബില്യൺ പെൺകുട്ടികളുടെ ജീവചരിത്രം...നിഷ്കളങ്കത ശക്തിയെ കണ്ടുമുട്ടുന്നിടം...പ്രകൃതി വിധിയെ മറയ്ക്കുന്നിടം...കാട് ഓർമ്മിക്കുന്നു...വേരുകൾ വീണ്ടും ഉയർന്നുവരുന്നു....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കോണ്‍സെപ്റ്റ് പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. നവാഗതനായ വിശ്വൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിപിൻ ദാസ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.
നിരവധി പേര് ഈ സിനിമയ്ക്ക് വലിയ സ്വീകാര്യത നല്‍കുന്നുണ്ട്. ‘പെൺകുട്ടികൾ സമൂഹത്തിൽ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളും, വിവാഹത്തിന് ശേഷം മറ്റൊരു വീട്ടിലേക്ക് ചെല്ലുമ്പോൾ ഉണ്ടാകുന്ന വൈകാരിക മാറ്റങ്ങളും മനോഹരമായി അവതരിപ്പിക്കുന്ന സിനിമയാകട്ടെ ഇത്’ എന്നാണ് പലരും കുറിക്കുന്നത്.
എന്നാല്‍ പെൺകുട്ടികളുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും പരിഹാസങ്ങളും ഉയരുന്നുണ്ട്. പെൺകുട്ടികളുടെ ജീവിതം പ്രമേയമാക്കുന്നു എന്നതിനെ ലക്ഷ്യം വെച്ചാണ് ഭൂരിഭാഗം വിമർശനങ്ങളും. ‘ഇവളുമാർക്കെന്ത് കഥ? വിവാഹം, ആർത്തവം, പ്രസവ വേദന അല്ലാതെ, സിനിമയ്ക്ക് തീരുമാനം ആയി, ഇൻസ്റ്റാഗ്രാം കോമാളികളായിരിക്കും അഭിനയിക്കാൻ പോകുന്നത്..., പെൺകുട്ടികളുടെ കഥയാകുമ്പോൾ ബജറ്റ് കുറവായിരിക്കും മിക്കവാറും ഫോണിലും വീട്ടിലുമായിരിക്കും കഥ നടക്കുക’ എന്നതടക്കമാണ് പരിഹാസ കമന്റുകൾ.






