ദോഹ: നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ നടപടി കടുപ്പിച്ച് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി. കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ ട്രാവല്‍, എയര്‍ ൈഫ്രറ്റ് ഓഫീസുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി സ്‌ഥാപനങ്ങള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി. കുറ്റക്കാരെന്നു കണ്ടെത്തിയ സ്‌ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്‌തു. നിശ്‌ചിത മാനദണ്‌ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്‌ഥാപനങ്ങളെ ഔദ്യോഗിക റെക്കോഡുകളില്‍നിന്ന് നീക്കം ചെയ്‌തു.
നിയമലംഘനത്തിന്റെ സ്വഭാവം അനുസരിച്ച് പല സ്‌ഥാപനങ്ങള്‍ക്കും വന്‍തുക പിഴ ചുമത്തുകയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, വ്യോമഗതാഗത മേഖലയില്‍ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് അതോറിറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്‍. വരും ദിവസങ്ങളിലും മുന്‍കൂട്ടി അറിയിക്കാതെ മിന്നല്‍ പരിശോധനകള്‍ തുടരുമെന്ന് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ട്രാവല്‍ ഏജന്‍സികള്‍ നിലവിലുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീഴ്‌ചകള്‍ കണ്ടെത്തിയാല്‍ വിട്ടുവീഴ്‌ചയില്ലാത്ത നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഉപയോക്‌താക്കള്‍ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രം ഇടപാടുകള്‍ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.

