ദോഹ: രാജ്യാന്തര ഊര്‍ജ വിതരണ ശൃംഖലയുടെ സ്‌ഥിരത ഉറപ്പാക്കുന്നതില്‍ വിശ്വസ്‌ത പങ്കാളിയായിരിക്കുമെന്നു യു.എസിനു ഖത്തറിന്റെ ഉറപ്പ്. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയ്‌ക്കിടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യാന്തര പങ്കാളികളോടുള്ള പ്രതിബദ്ധത ഖത്തര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പശ്‌ചിമേഷ്യ സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു ചര്‍ച്ച.
രാജ്യാന്തര ഊര്‍ജവിപണിയുടെ സുരക്ഷിതത്വവും മേഖലയിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കാനുള്ള നയതന്ത്ര നീക്കങ്ങളുമാണ് സംഭാഷണത്തില്‍ ഉയര്‍ന്നത്. മേഖലയിലെയും ലോകത്തെയും സുരക്ഷയും സമാധാനവും നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം തുടരാന്‍ ചര്‍ച്ചയില്‍ ധാരണയായി.
പശ്‌ചിമേഷ്യയിലെ സങ്കീര്‍ണ സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ സൈനികനീക്കം ഒഴിവാക്കി നയതന്ത്ര ചര്‍ച്ചകള്‍ക്കു മുന്‍ഗണന നല്‍കണമെന്ന് അമീര്‍ അഭ്യര്‍ഥിച്ചു.
രാജ്യാന്തര കപ്പല്‍ ഗതാഗതത്തിനു സുരക്ഷ ഉറപ്പാക്കാന്‍ സംയുക്‌ത പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക വിഷയങ്ങളില്‍ ഖത്തര്‍ നടത്തുന്ന മധ്യസ്‌ഥ ശ്രമങ്ങളെയും സമാധാന ദൗത്യങ്ങളെയും ട്രംപ് അഭിനന്ദിച്ചു. ഊര്‍ജ സുരക്ഷാ വിഷയങ്ങളില്‍ ഖത്തറുമായുള്ള സഹകരണം തുടരുമെന്നും ട്രംപ് അറിയിച്ചു.
ഷഫീക്ക് അറയ്‌ക്കല്‍

