ദോഹ: പശ്‌ചിമേഷ്യയിലെ വെല്ലുവിളികള്‍ക്കു പരിഹാരം കാണാന്‍ മേഖലയിലെ രാജ്യങ്ങള്‍ തന്നെ മുന്‍കൈയെടുക്കണമെന്നു ഖത്തര്‍. രാജ്യാന്തര ഇടപെടലുകള്‍ക്കപ്പുറം ഗള്‍ഫ് രാഷ്‌ട്രങ്ങളുടെയും അയല്‍രാജ്യങ്ങളുടെയും നേരിട്ടുള്ള പങ്കാളിത്തത്തിലൂടെയേ സുസ്‌ഥിരസമാധാനം ഉറപ്പാക്കാന്‍ കഴിയൂവെന്നു പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്‌താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നയതന്ത്ര നീക്കങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കാനാണു ഖത്തര്‍ പ്രഥമ പരിഗണന നല്‍കുന്നത്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ വ്യവസ്‌ഥകള്‍ ശക്‌തിപ്പെടുത്തി ശാശ്വത സമാധാന ഉടമ്പടിയിലേക്ക് എത്തിക്കുകയാണു ലക്ഷ്യം. സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിതരണ ശൃംഖലകളെയും കയറ്റുമതിയെയും ബാധിക്കുമെന്നതിനാല്‍ മേഖലയിലെ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ലബനന്റെ പരമാധികാരത്തിന്മേലുള്ള ഇസ്രയേലിന്റെ കടന്നുകയറ്റം അനുവദിക്കാനാകില്ല. ആയുധങ്ങള്‍ കൊണ്ടല്ല മറിച്ച് സംഭാഷണങ്ങളിലൂടെയാണു പ്രശ്‌നപരിഹാരം കണ്ടെത്തേണ്ടതെന്നും മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി ആവര്‍ത്തിച്ചു.
ഷഫീക്ക് അറയ്‌ക്കല്‍
