പാഫോസ് (സൈപ്രസ്): പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വനിതകളുടെ ചെസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ചലഞ്ചറായി ഇന്ത്യന്‍ താരമെത്തുന്നു. രമേശ്ബാബു വൈശാലിക്കാണ് ലോക ചാമ്പ്യന്‍ ജു വെന്‍ജുനെ ചലഞ്ച് ചെയ്യാനുള്ള നിയോഗം. കാന്‍ഡിഡേറ്റ്സ് ചെസില്‍ ജേതാവായാണ് 24 വയസുകാരി വൈശാലി ജുവിന്റെ എതിരാളിയായത്. അവസാന റൗണ്ട് മത്സരത്തില്‍ കാതറീന ലഗാനോയെ തോല്‍പ്പിച്ചതോടെയാണു വൈശാലി കാന്‍ഡിഡേറ്റ്സ് കിരീടം ഉറപ്പാക്കിയത്.
ഇന്ത്യയുടെ തന്നെ ഗ്രാന്മാസ്റ്റര് ദിവ്യ ദേശ്മുഖിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളാന് വൈശാലിക്കായി. ദിവ്യ അവസാന മത്സരത്തില്‍ ബിബിസാര അസൗബയേവയോടു തോറ്റിരുന്നു. വൈശാലിയും ദിവ്യയും പോയിന്റ് നിലയില്‍ ഒപ്പമായിരുന്നു. കാന്ഡിഡേറ്റ്്സ് ചെസില്‍ ഏറ്റവും തവണ താണ റേറ്റിലുള്ള താരമായിരുന്നു ഗ്രാന്മാസ്റ്റര് ആര്. പ്രാഗ്ജ്ഞാനന്ദയുടെ സഹോദരി കൂടിയായ വൈശാലി. ചലഞ്ചറാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ്. കൊനേരു ഹംപി 2011 ല്‍ ലോക ചാമ്പ്യന്‍ ഹു യിഫാന്റെ ചലഞ്ചറായി. അല്‍ബേനിയയിലെ ടിറാനയിലായിരുന്നു മത്സരം. മൂന്ന് വര്‍ഷത്തിനിടെ വൈശാലി നേടുന്ന മൂന്നാമത്തെ കിരീട നേട്ടമാണിത്. ഫിഡെ ഗ്രാന്‍ സ്വിസ് ടൂര്‍ണമെന്റില്‍ രണ്ടുവട്ടവും വനിതാ ഒളിമ്പ്യാഡിലും ജേതാവായി. പുരുഷ വിഭാഗത്തില്‍ ഉസ്ബെക്ക്സ്ഥാന്റെ ജാവോഖിര്‍ സിന്ഡാറോവാണ് ചലഞ്ചര്‍. ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷാണ് ലോക ചാമ്പ്യന്‍.
അസൗബയേവ, ദിവ്യ, അന്ന മുസിചുക്, അലക്സാന്ദ്ര ഗോര്യാച്കിന എന്നിവര്‍ക്കെതിരെയുള്ള ആദ്യ നാല് മത്സരങ്ങളിലും സമനില വഴങ്ങിയാണ് വൈശാലി തുടങ്ങിയത്. അതു തുടക്കത്തില്‍ തന്നെ മുന്നിലുള്ളവരുമായുള്ള പോയിന്റ് വ്യത്യാസം കൂടാതെ സഹായിച്ചു. 2024-ലെ ടൊറന്റോയിലെ പോലെ തന്നെ, മികച്ച രീതിയിലുള്ള 2/4 എന്ന സ്കോര്‍ അഞ്ചാം റൗണ്ടില്‍ ആശങ്കാജനകമായ 2/5 ആയി മാറി. കറുത്ത കരുക്കളുമായി കളിച്ച വൈശാലി ഷൂ ജിനറോട് പരാജയപ്പെട്ടു. ഒന്നാം സ്ഥാനത്തുള്ള ഷൂ, മുസിചുക്, ലാഗ്നോ എന്നിവരേക്കാള്‍ ഒരു പോയിന്റ് പിന്നിലായി വൈശാലി. തോല്‍വിക്ക് ശേഷം തുടര്‍ച്ചയായി മത്സരങ്ങള്‍ തോല്‍ക്കുന്ന പ്രവണതയുള്ള വൈശാലിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായി.
തളരുന്നതിന് പകരം വൈശാലി കൂടുതല്‍ കരുത്തോടെ തിരിച്ചുവന്നു. ആറ് മുതല്‍ 11 വരെയുള്ള റൗണ്ടുകളില്‍ നാല് ജയങ്ങളും രണ്ട് സമനിലകളും സ്വന്തമാക്കി. ഈ മുന്നേറ്റം കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റില്‍ വൈശാലിക്ക് ഒരു പോയിന്റിന്റെ ലീഡ് നല്കി. ലാഗ്നോയ്ക്കും ടാന്‍ സോങ്യിക്കും എതിരെ വൈശാലി തുടര്‍ച്ചയായി രണ്ട് ജയങ്ങള്‍ നേടി. അസൗബയേവയുമായി സമനില പാലിച്ചു, ദിവ്യയെ തോല്‍പ്പിച്ചു, മുസിചുകുമായി സമനില വഴങ്ങി, ഗോര്യാച്കിനയെ തോല്‍പ്പിച്ചു.
ജയങ്ങളില്‍ ചിലതില്‍ ഭാഗ്യത്തിന്റെ അകമ്പടിയുമുണ്ടായി. ഏഴാം റൗണ്ടില്‍ ടാന്‍ സോങ്യിയുടെ ഒരു പിഴവ് വൈശാലിക്ക് ജയം സമ്മാനിച്ചു. കാന്‍ഡിഡേറ്റ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിഴവുകളിലൊന്ന് എന്നാണ് കമന്റേറ്റര്‍മാര്‍ വിശേഷിപ്പിച്ചത്.
വിജയക്കുതിപ്പ് അവസാനിച്ചതും ഷൂവിനോടേറ്റ തോല്‍വിയിലായിരുന്നു. 12-ാം റൗണ്ടിലെ തോല്‍വി വൈശാലിയുടെ ടൂര്‍ണമെന്റിനെ വീണ്ടും പ്രതിസന്ധിയിലാക്കി. നിര്‍ണായക ഘട്ടത്തിലെ തോല്‍വി തിരിച്ചടിയായെങ്കിലും ഒരു പോയിന്റ് ലീഡ് നഷ്ടപ്പെട്ട് ഷൂവിനൊപ്പം ഒന്നാം സ്ഥാനം പങ്കിടേണ്ടി വന്നതായിരുന്നു വൈശാലിക്ക് നേരിട്ട വലിയ തിരിച്ചടി. ആദ്യ തോല്‍വിക്ക് ശേഷമെന്ന പോലെ വീണ്ടും തകരാതിരിക്കാന്‍ വൈശാലി ശ്രദ്ധിച്ചു. സമനില പിടിച്ചുവാങ്ങിയ വൈശാലി അവസാന റൗണ്ടിന് മുന്‍പ് മികച്ച നിലയിലെത്തി. അവസാന റൗണ്ടില്‍ വെളുത്ത കരുക്കളുമായി കളിക്കാനുള്ള അവസരം നേടിയെടുക്കാനുമായി.


