താനെ: ഇന്ത്യയുടെ മൂന് ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ഗുരുതരാവസ്ഥയില്‍. കാംബ്ലിയുടെ മസ്തിഷ്കത്തില്‍ നീക്കംചെയ്യാന്‍ കഴിയാത്തവിധം രക്തം കട്ടപിടിച്ചതായി അടുത്ത സുഹൃത്ത് മാര്‍ക്കസ് കൂട്ടോയാണു വെളിപ്പെടുത്തിയത്.
താനെയിലെ അകൃതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണു മധ്യനിര ബാറ്ററായിരുന്ന കാംബ്ലി. മുന്‍കരുതല്‍ എടുക്കാതിരുന്നതിനാല്‍ കട്ടപിടിച്ച രക്തം നീക്കാനാകില്ലെന്നും പക്ഷാഘാതമുണ്ടാകാന് സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കി. കാംബ്ലി മറവി രോഗത്തിന്റെ പിടിയിലാകാനും സാധ്യതയുണ്ടെന്നു കൂട്ടോ പറഞ്ഞു.
2024 ഡിസംബറില്‍ മൂത്രനാളിയിലെ അണുബാധയെയും പേശീ വലിവുകളെയും തുടര്‍ന്നാണു വിനോദ് കാംബ്ലിയെ അകൃതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാംബ്ലിയെ സഹായിക്കാനായി ബാല്യകാല സുഹൃത്തും ഇതിഹാസ താരവുമായ സച്ചിന് തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി സുഹൃത്തുക്കള്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. മദ്യപാന ശീലം ഉപേക്ഷിച്ചെങ്കിലും സിഗരറ്റ് വലി ഒഴിവാക്കാത്തതും കാംബ്ലിയുടെ നില വഷളാക്കി. 1983 ഏകദിന ലോകകപ്പ് ജേതാക്കളായ താരങ്ങളുടെ ഗ്രൂപ്പും കാംബ്ലിയെ സഹായിക്കാന്‍ തയാറായി മുന്നോട്ടു വന്നിരുന്നു. മുന്‍ നായകന് കപില്‍ ദേവിന്റെ ഉപദേശം സ്വീകരിച്ച് ലഹരി വിമുക്ത പരിപാടികളില്‍ പങ്കെടുക്കാന്‍ കാംബ്ലി സന്നദ്ധനുമായിരുന്നു. 54 വയസുകാരനായ കാംബ്ലി ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചു. ഫസ്റ്റ് ക്ലാസില്‍ 129 മത്സരങ്ങളും ലിസ്റ്റ് എയില്‍ 221 മത്സരങ്ങളും കളിക്കാനായി. വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇരട്ട സെഞ്ചുറി (224) നേടിയതാണ് ഏറ്റവും മികച്ച പ്രകടനം. കരിയറിലെ മൂന്നാമത്തെ മാത്രം ടെസ്റ്റായിരുന്നു അത്. ടെസ്റ്റില്‍ 54.20 ശരാശരിയില്‍ നാല് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളുമടിച്ചു. ഏകദിനത്തില്‍ രണ്ട് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി.


