ബംഗളുരു: ഐ.പി.എല്‍. ക്രിക്കറ്റ് 19-ാം സീസണില്‍ നിലവിലെ ചാമ്പ്യന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ തകര്‍പ്പന്‍ പ്രകടനം തുടരുന്നു. വിഷു ദിനത്തില്‍ നടന്ന മത്സരത്തില്‍ ആര്.സി.ബി. അഞ്ച് വിക്കറ്റിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 146 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ആര്.സി.ബി. കളി തീരാന്‍ 29 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
അഞ്ച് കളികളില്‍നിന്ന് എട്ട് പോയിന്റ് നേടിയ അവര്‍ ഒന്നില്‍ മാത്രമാണു തോറ്റത്. സ്വന്തം തട്ടകമായ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്.സി.ബി. നായകന് രജത് പാടീദാര്‍ ലഖ്നൗവിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് (32 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 40), ആയുഷ് ബദോനി (24 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 38), മുകുള്‍ ചൗധരി (28 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 39) എന്നിവരുടെ പ്രകടനമാണു ലഖ്നൗവിനെ 140 കടത്തിയത്. ആര്.സി.ബിക്കായി രസിഖ് സലാം 24 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാര്‍ 27 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റും ക്രുനാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും ജോഷ് ഹാസില്‍വുഡ് ഒരു വിക്കറ്റുമെടുത്തു. ഓപ്പണറും മുന്‍ നായകനുമായ വിരാട് കോഹ്ലി (34 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 49), നായകന് രജത് പാടീദാര്‍ (13 പന്തില്‍ മൂന്ന് സിക്സറും ഒരു ഫോറുമടക്കം 27), ജിതേഷ് ശര്‍മ (ഒന്‍പത് പന്തില രണ്ട് സിക്സറും രണ്ട് ഫോറുമടക്കം 23) എന്നിവര്‍ ആര്.സി.ബിയുടെ ജയം അനായാസമാക്കി. ടിം ഡേവിഡ് (എട്ട് പന്തില്‍ ഒരു സിക്സറും ഒരു ഫോറുമടക്കം 14), റൊമാരിയോ ഷെപ്പേഡ് (എട്ട് പന്തില്‍ ഒരു സിക്സറും ഒരു ഫോറുമടക്കം 14) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. ലഖ്നൗവിനായി പ്രിന്‍സ് യാദവ് മൂന്ന് വിക്കറ്റും ആവേശ് ഖാന് രണ്ട് വിക്കറ്റുമെടുത്തു.


