കല്യാണി: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സിക്കു ദയനീയ പരാജയം. പോയിന്റ് പട്ടികയിലെ ആദ്യസ്ഥാനക്കാരായ ഡയയണ്ട് ഹാര്‍ബര്‍ എഫ്.സിയോട് രണ്ടിനെതിരേ അഞ്ചുഗോളിനാണ് ഗോകുലം മുട്ടുമടക്കിയത്. 17-ാം മിനിറ്റില്‍ ബൗബ അമിനൗവിലൂടെ ആദ്യം മുന്നിലെത്തിയശേഷമാണ് അഞ്ചുഗോള്‍ തിരിച്ചുവാങ്ങി കേരളാടീം തോറ്റമ്പിയത്. 31-ാം മിനിറ്റില്‍ ലൂക്കാ മാജ്സെനിലൂടെ ഡയമണ്ട് ഹാര്‍ബര്‍ ഒപ്പമെത്തി. രണ്ടാം പകുതിയില്‍ ഹ്യൂയോ ദിയാസിന്റെ ഇരട്ടപ്രഹരവും(50, 53) മലയാളി താരം ജോബി ജസ്റ്റിന് (61), രാംദിന്താര (71) എന്നിവരുടെ ഗോളുകളും ഗോകുലത്തിന്റെ വിധിയെഴുതി. 57-ാം മിനിറ്റില്‍ രാഹുല്‍ രാജു ഗോകുലത്തിന്റെ പരാജയഭാരം കുറച്ചു. തോല്‍വി ഗോകുലം കേരളയെ തരംതാഴ്ത്തല്‍ ഭീഷണിയിലേക്കു തള്ളിവിട്ടു.
ജയത്തോടെ ഡയമണ്ട് ഹാര്‍ബര്‍ ഒന്‍പതു കളിയില്‍ 22 പോയിന്റുമായി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഇത്രയും കളിയില്‍ എട്ടുപോയിന്റ് മാത്രമുള്ള ഗോകുലം എട്ടാമതാണ്. ഇന്നലെ നടന്ന രണ്ടാമത്തെ കളിയില്‍ ഐസ്വാള്‍ എഫ്.സിയെ ഷില്ലോങ് ലജോങ് ഒന്നിനെതിരേ ആറു ഗോളിനു കെട്ടുകെട്ടിച്ചു. ഒന്‍പതു കളിയില്‍ 17 പോയിന്റുമായി ലജോങ് രണ്ടാമതെത്തി.




