ബംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ട്വന്റി-20 ക്രിക്കറ്റില്‍ ആഫ്രിക്കന്‍ കരുത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് (ആര്.സി.ബി) ബംഗളുരുവിനെ വീഴ്ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ത്രില്ലറിനൊടുവില്‍ ഒരുപന്ത് ബാക്കിനില്‍ക്കെ ആറുവിക്കറ്റിനാണ് ഡല്‍ഹിയുടെ ജയം. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡേവിഡ് മില്ലറും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്ന് കൂട്ടുകെട്ടാണ് ഡല്‍ഹിയെ വിജയതീരത്തെത്തിച്ചത്.
ജയത്തോടെ ഡല്‍ഹിക്ക് അഞ്ചു കളിയില്‍ ആറു പോയിന്റായി. നാലാം സ്ഥാനത്താണു ടീം. ഒരു കളി കൂടുതല്‍ കളിച്ച ആര്.സി.ബിക്ക് എട്ടുപോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു. ജയിച്ചിരുന്നെങ്കില്‍ ഒന്‍പതു പോയിന്റുള്ള പഞ്ചാബ് കിങ്സിനെ മറികടന്ന് ആര്.സി.ബിക്ക് ഒന്നാമത് എത്താമായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്.സി.ബി. 20 ഓവറില്‍ എട്ടുവിക്കറ്റിന് 175 റണ്ണടിച്ചു. അവസാന രണ്ട് ഓവറില്‍ ഡല്‍ഹിക്കു ജയിക്കാന്‍ 25 റണ്‍ വേണ്ടിയിരുന്നു. റസിഖ് സലാം എറിഞ്ഞ 19-ാം ഓവറില്‍ 10 റണ്ണെത്തിയതോടെ ജയം ആറു പന്തില്‍ 15 റണ്‍ അകലെയായി. വെസ്റ്റിന്‍ഡീസ് താരം റൊമാരിയോ ഷെപ്പേഡിനാണ് ആര്.സി.ബി. നായകന് രജത് പാട്ടീദാര്‍ പന്ത് കൈമാറിയത്. ആദ്യ രണ്ടുപന്തില്‍ രണ്ടു റണ്‍ മാത്രം. മൂന്നാം പന്ത് മിഡ്വിക്കറ്റിനു മുകളിലൂടെയും അടുത്തപന്ത് കവറിനു മുകളിലുടെയും മില്ലര്‍ അതിര്‍ത്തികടത്തി. രണ്ടുപന്തില്‍ ജയിക്കന്‍ ഒരുറണ്‍ വേണ്ടിയിരിക്കെ ഡല്‍ഹി ആരാധകരെ ആവേശത്തിലാഴ്ത്തി അഞ്ചാം പന്തില്‍ ഫോറടിച്ച് മില്ലര്‍ 'ഫിനിഷറെ'ന്ന അപരനാമം അന്വര്‍ഥമാക്കി. 10 പന്തില്‍ രണ്ടു സിക്സും ഒരുഫോറും ഉള്‍പ്പെടെ 22 റണ്ണാണ് മില്ലറുടെ ബാറ്റില്‍നിന്നു പറന്നത്.
ടീമിനെ ജയിപ്പിച്ചതോടെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം കളഞ്ഞുകുളിച്ചതിന്റെ പഴിയും മായ്ക്കാന്‍ മില്ലറിനായി. 47 പന്തില്‍ ഒരുസിക്സും നാലുഫോറും ഉള്‍പ്പെടെ 60 റണ്ണുമായി ട്രിസ്റ്റന്‍ സ്റ്റബ്സ് പുറത്താകാതെനിന്നു. ഓപ്പണര്‍ പാത്തും നിസങ്ക (ഒന്ന്), ഇംപാക്ട് പ്ലെയറായെത്തിയ കരുണ്‍ നായര്‍ (അഞ്ച്), സമീര്‍ റിസ്വി (രണ്ട്) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി മൂന്നിന് 18 റണ്ണെന്ന നിലയില്‍ പതറിയ ശേഷമായിരുന്നു ഡല്‍ഹിയുടെ ഉയിര്‍പ്പ്. ഓപ്പണര്‍ കെ.എല്‍. രാഹുലും(34 പന്തില്‍ രണ്ടു സിക്സും ആറു ഫോറും ഉള്‍പ്പെടെ 57 റണ്‍) സ്റ്റബ്സും ചേര്‍ന്ന കൂട്ടുകെട്ട് ടീമിനെ അപായരേഖയില്നിന്നു കരകയറ്റി.
നായകന് അക്സര്‍ പട്ടേല്‍ 19 പന്തില്‍ 26 റണ്ണുമായി റിട്ട. ഹര്‍ട്ടായി. ആര്.സി.ബിക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റും കൃണാല്‍ പാണ്ഡ്യ ഒരുവിക്കറ്റും വീഴ്ത്തി.
നേരത്തെ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 38 പന്തില്‍ 63 റണ്ണുമായി ആര്.സി.ബിയുടെ ടോപ്സ്കോററായി. 17 പന്തില്‍ 26 റണ്ണടിച്ച ടിം ഡേവിഡും മികച്ച ബാറ്റിങ് കാഴ്ചവച്ചു. വിരാട് കോഹ്ലി (19), ദേവ്ദത്ത് പടിക്കല്‍ (18), രജത് പാട്ടീദാര്‍ (എട്ട്), ജിതേഷ് ശര്‍മ (14), റൊമാരിയോ ഷെപ്പേഡ് (ഒന്ന്), കൃണാല്‍ പാണ്ഡ്യ (12) എന്നിവര്‍ ആര്.സി.ബി. നിരയില്‍ പുറത്തായി.
ലുന്‍ഗി എന്‍ഗിഡി, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഡല്‍ഹിക്കായി രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. മുകേഷ് കുമാറിനാണ് ശേഷിച്ച ഒരുവിക്കറ്റ്.



