ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലീഡ്സ് യുണൈറ്റഡിനു തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിനെ ഏകപക്ഷീയമായ മൂന്നു ഗോളിനു മറികടന്നു. ജെയിംസ് ജെസ്റ്റിന് (18), നോവ ഒക്കാഫോര്‍(20), കാല്വര്ത്ത് ലെവിന്‍ (95) എന്നിവാണ് ലീഡ്സിനായി വലകുലുക്കിയത്. കഴിഞ്ഞ കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അവരുടെ മൈതാനത്ത് തോല്‍പ്പിച്ച ആവേശം വോള്വര്ഹാംപ്ടണെതിരേയും ലീഡ്സ് പുറത്തെടുത്തു. ജയത്തോടെ 33 കളിയില്‍ 39 പോയിന്റുമായി ടീം തരംതാഴ്ത്തല്‍ ഭീഷണിയില്‍നിന്നു രക്ഷപ്പെട്ടു. എതിരാളികളാകട്ടെ 33 കളിയില്‍ 17 പോയിന്റോടെ അടുത്ത സീസണില്‍ രണ്ടാം ഡിവിഷനിലേക്കു പോകുമെന്നുറപ്പായി.
ഇന്നലെ നടന്ന മറ്റൊരു കളിയില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ ബോണ്‍മൗത്ത് 1-2 നു തോല്‍പ്പിച്ചു. 48 പോയിന്റുമായി ബോണ്‍മൗത്ത് എട്ടാമതും അഞ്ചുപോയിന്റ് പിന്നില്‍ ന്യൂകാസില്‍ 14-ാം സ്ഥാനത്തുമാണ്. ബ്രെന്റ്ഫോഡ്-ഫുള്‍ഹാം മത്സരം സമനിലയില്‍ അവസാനിച്ചു.




