
ഹൈദരാബാദ്: ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു 10 റണ്‍ ജയം. ആദ്യം ബാറ്റ് ചെയ്ത സണ്‍ റൈസേഴ്‌സ് കുറിച്ച ഒന്‍പതു വിക്കറ്റിന് 194 റണ്ണിനു ചെന്നൈയുടെ മറുപടി 20 ഓവറില്‍ എട്ടുവിക്കറ്റിന് 184 റണ്ണില്‍ അവസാനിച്ചു. അല്‍ഷുല്‍ കാംബോജ് (എട്ടുപന്തില്‍ 13), നൂര്‍ അഹമ്മദ് (ഒന്ന്) എന്നിവരായിരുന്നു അവസാന പന്ത് എറിയുമ്പോള്‍ ക്രീസില്‍.
പ്രഫുല്‍ ഹിന്‍ഗെയെറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍ വേണ്ടിയിരിരുന്ന ചെന്നൈയ്ക്ക് ഏഴു റണ്ണടിക്കാനേ സാധിച്ചുള്ളൂ. മാത്യു ഷോര്‍ട്ട് (34), ആയുഷ് മാത്രെ (13 പന്തില്‍ 30), സര്‍ഫറാസ് ഖാന്‍ (25), ശിവം ദുബെ (21), ഋതുരാജ് ഗെയ്ക്ക്‌വാദ് (19) എന്നിവര്‍ ചെന്നൈക്കായി പൊരുതി. ഇന്നിങ്‌സിലെ ആദ്യപന്ത് സിക്‌സിനു പറത്തിയെങ്കിലും സഞ്ജു സാംസണ്‍(മൂന്നു പന്തില്‍ ഏഴ്) അടുത്ത ഓവറിലെ ആദ്യപന്തില്‍ നിതീഷ്‌കുമാര്‍ റെഡ്ഡിക്കു കീഴടങ്ങി. ഡെവാള്‍ഡ് ബ്രെവിസ്(പൂജ്യം), ജാമി ഓവര്‍ടണ്‍ (16) എന്നിവരും ചെന്നൈ നിരയില്‍ പുറത്തായി. ഇഷാന്‍ മലിംഗ മൂന്നു വിക്കറ്റുമായി ഹൈദരാബാദ് ബൗളര്‍മാരില്‍ തിളങ്ങി. നിതീഷ് കുമാര്‍ റെഡ്ഡി രണ്ടും സാക്കിബ് ഹുസൈന്‍, ശിവാങ്ക് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ്‌വീതവും വീഴ്ത്തി.
15 പന്തില്‍ അര്‍ധസെഞ്ചുറിയും ആകെ 22 പന്തില്‍ 59 റണ്ണും വാരിയ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് സണ്‍റൈസേഴ്‌സിനു കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. ടീമിനായി 16 പന്തില്‍ അര്‍ധസെഞ്ചുറിയെന്ന സ്വന്തം റെക്കോഡ് അഭിഷേക് തിരുത്തി. അര്‍ധസെഞ്ചുറിയുമായി ഹെന്‍ട്രിച്ച് ക്ലാസന്‍ ഉറച്ച പിന്തുണ നല്‍കി. നാലു സിക്‌സും ആറു ഫോറും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്. ആറ് ഇന്നിങ്‌സില്‍ 283 റണ്ണുമായി ക്ലാസന്‍ റണ്‍വേട്ടക്കാരില്‍ മുമ്പനായി. ചെന്നൈക്കായി മൂന്നു വിക്കറ്റെടുത്ത അന്‍ഷുല്‍ കാംബോജ് ആറ് ഇന്നിങ്‌സില്‍ 13 ഇരകളുമായി വിക്കറ്റ് വേട്ടക്കാരില്‍ ആദ്യസ്ഥാനത്തെത്തി.



