ലണ്ടന്‍: 25 വര്‍ഷത്തിനുശേഷം കവന്‍ട്രി സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കു സ്ഥാനക്കയറ്റം. ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് (ഇ.എഫ്.എല്‍) ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബ്ലാക്ക്ബേണ്‍ റോവേഴ്സുമായി സമനിലയില്‍ പിരിഞ്ഞതോടെയാണ് കവന്‍ട്രിയുടെ മുന്നേറ്റം.
ഇരുടീമും ഓരോ ഗോള്‍വീതം അടിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് കവന്‍ട്രി സിറ്റി പ്രീമിയര്‍ ലീഗ് ബര്‍ത്ത് ഉറപ്പാക്കിയത്.
54-ാം മിനിറ്റില്‍ റിയോയ മൊറിഷിതയിലൂടെ ആതിഥേയരായ ബ്ലാക്ക്ബേണാണ് ആദ്യം വലകുലുക്കിയത്. മത്സരം അവസാനിക്കാന്‍ അഞ്ചുമിനിട്ടുള്ളപ്പോള്‍ ബോബി ക്രെയ്ഗ് തോമസിന്റെ ഹെഡറിലൂടെ കവന്‍ട്രി സമനിലയും ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റവും ഉറപ്പാക്കി. ഇംഗ്ലണ്ട് മുന്‍താരവും പരിശീലകനുമായ ഫ്രാങ്ക് ലാംപാര്‍ഡിനു കീഴിലാണ് കവന്‍ട്രി ചരിത്രം കുറിച്ചതെന്നതും ശ്രദ്ധേയം.
43 മത്സരങ്ങളില്‍ 86 പോയിന്റാണ് കവന്ട്രിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള മില്വാളിനു 13 പോയിന്റ് മുന്നിലാണു ടീം. പ്രീമിയര്‍ ലീഗിലേക്കുള്ള സ്ഥാനക്കയറ്റത്തിന് ഇനി ശേഷിക്കുന്ന ഒരു ബര്‍ത്തിനായി മില്വാളിനൊപ്പം ഇപ്സ്വിച്ച് ടൗണ്‍, സതാംപ്ടണ്, മിഡില്‍സ്ബ്രോ എന്നീ ടീമുകളാണ് മത്സരിക്കുന്നത്.



