കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബോള്‍ പുതിയ സീസണില്‍ സ്വന്തം തട്ടകത്തില്‍ ആദ്യജയം കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ കരുത്തരായ ജംഷെഡ്പുര്‍ എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മലയാളിക്കരുത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. നിഹാല്‍ സുധീഷ്, വിബിന് മോഹനന് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകള്‍ നേടിയത്. ആദ്യപകുതിയിലായിരുന്നു മഞ്ഞപ്പടയുടെ രണ്ടു ഗോളുകളും. തോല്‍വിയറിയാതെ ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ മൂന്നാം മത്സരമാണിത്. ജയത്തോടെ മഞ്ഞപ്പട പോയിന്റ് പട്ടികയിലും രണ്ടടി മുന്നേറി. 10 കളിയില്‍ രണ്ടു ജയവുമായി എട്ടുപോയിന്റായി. 11-ാം സ്ഥാനത്തെത്തിയ ടീം തരംതാഴ്ത്തല്‍ ഭീഷണിയും താല്‍ക്കാലികമായി ഒഴിവാക്കി. ഒരു കളി കുറച്ചുകളിച്ച് ജംഷെഡ്പുര്‍ എഫ്.സി. 15 പോയിന്റുമായി ആറാം സ്ഥാനത്തായി. ആഷ്ലി വെസ്റ്റ്വുഡിന് കീഴില്‍ കാഴ്ചവയ്ക്കുന്ന അച്ചടക്കമുള്ള ഫുട്ബോളിന്റെ പ്രതിഫലനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. 23-ന് കൊച്ചിയില്‍ ഒഡീഷ എഫ്.സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഔദ്യോഗിക ആരാധകൂട്ടായ്മയായ മഞ്ഞപ്പടയുടെ ബഹിഷ്ക്കരണം നിലനില്ക്കുന്നതില് ഏറെക്കുറേ ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാണ് ബ്ലാസ്റ്റേഴ്സ് പന്ത് തട്ടിയത്. ജയിക്കാനുറച്ച് കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് മത്സരത്തുടക്കം മുതല്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പോയിന്റ് പട്ടികയില്‍ ആദ്യസ്ഥാനക്കാരുമായി മൂന്നു പോയിന്റിന്റെ മാത്രം അകലെയായിരുന്നു ജംഷെഡ്പുര്‍ എഫ്.സി. ബ്ലാസ്റ്റേഴ്സാകട്ടെ പിന്നില്‍നിന്നു രണ്ടാമതും. ഈ കണക്കുകളൊന്നും തങ്ങളെ അലട്ടുന്നില്ലെന്ന രീതിയിലായിരുന്നു ഇന്നലെ സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. പന്തിനുമേല്‍ പൂര്‍ണ നിയന്ത്രണം പുലര്‍ത്തിയ ആതിഥേയര്‍ 12-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. കെവിന് യോക്ക് നല്കിയ മനോഹരമായ ത്രൂ ബോളാണ് ഗോളിലേക്കുള്ള വഴിതുറന്നത്. പന്ത് സ്വീകരിച്ച ബെനാരിഫ് ബോക്സിനുള്ളിലേക്കു നല്കിയ പാസ് യുവതാരം നിഹാല്‍ സുധീഷ് കൃത്യമായി വലയിലെത്തിച്ചു.
രണ്ട് മിനിറ്റിനുള്ളില്‍ തന്നെ സമനില പിടിക്കാനുള്ള അവസരം ജംഷെഡ്പൂരിന് ലഭിച്ചു. ലാസര്‍ സിര്ക്കോവിച്ചിന്റെ ഹെഡര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. നിഖില്‍ ബാര്ലയിലൂടെയും മുഹമ്മദ് സനാനിലൂടെയും ജംഷെഡ്പുര്‍ അപകടകരമായ നീക്കങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങിലെ പോരായ്മ അവര്‍ക്ക് തിരിച്ചടിയായി.
മത്സരത്തിനിടെ പരുക്കേറ്റ കരീം ബെനാരിഫിനു പകരം വിബിന് മോഹനന് കളത്തിലിറങ്ങിയത് ഉര്‍വശീശാപം ഉപകാരമെന്ന പഴമൊഴി അന്വര്‍ഥമാക്കുന്നതായി. 36-ാം മിനിറ്റില്‍ വിജയമുറപ്പിച്ച ഗോള്‍ വന്നത് വിബിനിലൂടെയായിരുന്നു. വലതുവശത്തുനിന്നു ഫ്രാഞ്ചുവും നിഹാലും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ബോക്സിനുള്ളിലേക്ക് വന്ന ക്രോസ് വിബിന് ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിച്ചു. ഗോളി അല്‍ബിനോ ഗോമസ് കാഴ്ച്ചക്കാരനായി. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകളുടെ വ്യക്തമായ ലീഡ് നേടാന്‍ ബ്ലാസ്റ്റേഴ്സിനായി.
രണ്ടാം പകുതിയില്‍ ജംഷെഡ്പുര്‍ തിരിച്ചടിക്കു ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം അചഞ്ചലരായി നിലകൊണ്ടു. ഗോള്‍കീപ്പര്‍ അര്‍ഷ് ഷെയ്ഖിന്റെ ആത്മവിശ്വാസത്തോടെയുള്ള സേവുകള്ക്ല ീന് ഷീറ്റ് നിലനിര്‍ത്താന്‍ സഹായിച്ചു. മദിഹ് തലാല്‍, റെയ് തച്ചിക്കാവ എന്നിവരെ ഇറക്കി ജംഷെഡ്പുര്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഗോള്‍ ശ്രമങ്ങളെല്ലാം ബ്ലാസ്റ്റേഴ്സ് പ്രതിരോധവും അര്‍ഷ് ഷെയ്ഖും തടഞ്ഞിട്ടു. 84-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം ബെര്‍ട്ടോമിയുവിനെ അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിന് സ്റ്റീഫന്‍ എസെയ്ക്ക് റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് നല്കി. ഇതോടെ പത്ത് പേരായി ചുരുങ്ങിയ ജംഷെഡ്പൂരിന്റെ തിരിച്ചുവരവ് പ്രതീക്ഷകളും അസ്തമിച്ചു. മോശം പെരുമാറ്റത്തിന് ബ്ലാസ്റ്റേഴ്സ് പരിശീലകന് ആഷ്ലി വെസ്റ്റ്വുഡിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. നേരത്തേ ഒരു കാര്‍ഡ് ലഭിച്ച് വെസ്റ്റ്വുഡിന് അടുത്ത മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരും.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ എഫ്.സി. ഗോവ എതിരില്ലാത്ത രണ്ടു ഗോളിന് മുംബൈ സിറ്റി എഫ്.സിയെ പരാജയപ്പെടുത്തി. സാഹില്‍ തവോറ (29), മുഹമ്മദ് നെമില്‍ (45) എന്നിവരാണ് സ്കോര്‍ ചെയ്തത്.



