
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫും ദോഹയിലെ അമീരി ദിവാനിൽ കൂടിക്കാഴ്ച നടത്തി. മധ്യപൂർവ്വേഷ്യയിലെ നിലവിലെ സാഹചര്യം ഉൾപ്പെടെയുള്ള പ്രാദേശിക, അന്തർദ്ദേശീയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള പാകിസ്താന്റെ നയതന്ത്ര ശ്രമങ്ങളെ അമീർ അഭിനന്ദിച്ചു. ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ പാക് പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പാകിസ്താന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം വാഗ്ദാനം ചെയ്തു.
പ്രധാന സമുദ്രപാതകൾ വഴിയുള്ള ഊർജ്ജ വിതരണ ശൃംഖലയുടെ സുരക്ഷയും സുഗമമായ ഒഴുക്കും ഉറപ്പാക്കാൻ അന്താരാഷ്ട്ര ഏകോപനം ആവശ്യമാണെന്ന് ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണുന്നതിന് അന്താരാഷ്ട്ര സമൂഹം മുൻകൈ എടുക്കണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പുതിയ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് ശേഷം പാക് പ്രധാനമന്ത്രിക്കും സംഘത്തിനും അമീർ വിരുന്നൊരുക്കി.
ഷഫീക്ക് അറയ്ക്കൽ





