
ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ ഉണ്ടായ സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ. അൾട്രാസോണിക് പരിശോധന ഉൾപ്പെടെയാണ് വിള്ളൽ രൂപപ്പെട്ട വീടുകളിൽ നടത്തുക.
നിലവിൽ ചോർച്ച കണ്ടെത്തിയിരിക്കുന്നത് രണ്ടു വീടുകളിലാണ്. അതേസമയം വീടുകളിൽ വിള്ളൽ വീണതിനെതിരെ കടുത്ത വിമർശനം ഉയരുകയാണ്. 26.94 ലക്ഷം രൂപ ചെലവിലാണ് ടൗൺഷിപ്പിൽ ഒരു വീട് പണിയുന്നത്. ദുരന്തത്തെ പ്രതിരോധിക്കാൻ കഴിയുന്ന പ്രത്യേക രീതിയിൽ ആണ് വീടുകളുടെ നിർമ്മാണം. ആ സാഹചര്യത്തിലാണ് ഇപ്പോൾ വീടുകളിൽ വിള്ളൽ വീണിരിക്കുന്നത്.
അതേസമയം വിള്ളല്‍ കണ്ടെത്തിയ വീടുകളില്‍ ഊരാളുങ്കല്‍ അധികൃതർ പരിശോധന നടത്തി. ടൗണ്‍ഷിപ്പിലെ 2 വീടുകളുടെ മേല്‍ക്കൂരയില്‍ ആണ് വിള്ളല്‍ രൂപപ്പെട്ട് ചോർച്ചയുണ്ടായത്. തകരാറുകള്‍ പരിഹരിക്കുമെന്നും ഉണ്ടായത് ഗൗരവതരമായ വിള്ളല്‍ അല്ലെന്നും ഊരാളുങ്കല്‍ പ്രതികരിച്ചു. ചൂരല്‍മല സ്വദേശി നൗഫലിന്‍റെ വീട്ടിലെ മേല്‍ക്കൂരയില്‍ വിള്ളല്‍ വീണ് ചോർച്ച രൂപപ്പെട്ട വിവരം ഇന്നലെയാണ് പുറത്ത് വന്നത്.






